വാഷി- രഹേജ റെസിഡൻസിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് വയസ്സുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു, 10 പേർക്ക് പരിക്ക്

നവി മുംബൈ: ഇന്ന് പുലർച്ചെ വാഷിയിലെ സെക്ടർ 14, പ്ലോട്ട് നമ്പർ 48/24, 25, 26, രഹേജ റെസിഡൻസിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10-ാം നിലയിൽ പുലർച്ചെ 12.40 ഓടെ ആരംഭിച്ച തീപിടുത്തം 11, 12 നിലകളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു , തുടർന്ന് അഗ്നിശമന ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കി.നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി) അഗ്നിശമന വകുപ്പ് പറയുന്നതനുസരിച്ച്, വാഷി, നെരൂൾ, ഐറോളി, കോപ്പർഖൈറൻ സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ ഹോസ് ലൈനുകൾ സ്ഥാപിച്ച് തീ അണയ്ക്കാൻ തുടങ്ങി."രക്ഷാപ്രവർത്തനത്തിനിടെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി, ഏകദേശം 10 മുതൽ 15 വരെ പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു," എൻഎംഎംസി ചീഫ് ഫയർ ഓഫീസർ പുരുഷോത്തം ജാദവ് പറഞ്ഞു. "പത്താം നിലയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് തീപിടുത്തമുണ്ടായത്, എന്നിരുന്നാലും കൃത്യമായ കാരണം അറിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ടത് വേദിക സുന്ദർ ബാലകൃഷ്ണൻ (6), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) കമല ഹിരാലാൽ ജെയിൻ (84),എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.എല്ലാവരും രഹേജ റെസിഡൻസിയിൽ താമസിക്കുന്നവരാണ്. പരിക്കേറ്റവരെ ഫോർട്ടിസ് ഹിരാനന്ദാനി, എംജിഎം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1106-ാം നമ്പർഫ്‌ളാറ്റിൽ താമസിക്കുന്ന മനബേന്ദ്ര (69), മാലിക (58), റിതിക ഘോഷ് (39), 1005-ാം നമ്പർ ഫ്‌ളാറ്റിലെ ഭാവന (49), മഹാവീർ (51), കൃഷ് ജെയിൻ (21), ഗോവിന്ദ് കോംപ്ലക്സിൽ നിന്നുള്ള നിർമ്മൽ (53), മെഹുൽ ജെയിൻ (32), 1105-ാം നമ്പർ ഫ്‌ളാറ്റിലെ ദമയന്തി അഗർവാൾ (80), സുമന്തി ജോൺ ടോപ്‌നോ (18) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത് . ഇവരിൽ ചിലർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.മണിക്കൂറുകളോളം നീണ്ട തീ അണയ്ക്കലിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.വാഷി ഫയർ സ്റ്റേഷനിലെയും എൻഎംഎംസിയിലെയും ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.