അലിഗഞ്ചിലെ അഗ്നിബാധ: നീലേഷും അനാമികയോടൊപ്പം ചാരമായത് വിവാഹ സ്വപ്നങ്ങൾ

 അലിഗഞ്ചിലെ അഗ്നിബാധ: നീലേഷും അനാമികയോടൊപ്പം ചാരമായത് വിവാഹ സ്വപ്നങ്ങൾ

ലഖ്‌നൗ: അലിഗഞ്ചിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച 15 പേരിൽ ഉൾപ്പെട്ട നീലേഷ് കുമാറും അനാമിക സാമന്തയും വിവാഹജീവിതത്തിനായി സ്വപ്നം കണ്ടിരുന്നവരാണ്. നവംബറിൽ വിവാഹം നടത്താനിരുന്ന ഇരുവരും ഹെഡ് ഹോപ്പർ സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്നു. അവിടെവച്ചാണ് പ്രണയത്തിലായത്. കഴിഞ്ഞ ആഴ്ച അനാമികയുടെ കുടുംബം കൊൽക്കത്തയിൽ നിന്ന് ലഖ്‌നൗവിലെത്തി നീലേഷിന്റെ കുടുംബത്തെ കണ്ട് വിവാഹത്തിന് അനുഗ്രഹം നൽകിയിരുന്നു.ലഖ്‌നൗവിലെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നപ്പോൾ നീലേഷിന്റെ കുടുംബം അത് ഗൗരവമായി എടുത്തിരുന്നില്ല. കെട്ടിടത്തിൽ കോച്ചിംഗ് സെന്ററും ലൈബ്രറിയുമാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ വൈകുന്നേരം മോർച്ചറിയിൽ നിന്നുള്ള ഫോൺ കോളാണ് നീലേഷിന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. ശ്വാസംമുട്ടിയാണ് നീലേഷ് മരിച്ചതെന്ന് കുടുംബം പറയുന്നു.കൊൽക്കത്തയിൽ നിന്നുള്ള അനാമികയുടെ കുടുംബത്തിനും ഈ വിയോഗം വലിയ ആഘാതമായി. അനാമികയുടെ മൃതദേഹം പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ അവസാന കർമ്മങ്ങൾക്കായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. ഒരുമിച്ച് ജീവിക്കാൻ കൊതിച്ച നീലേഷും അനാമികയും, അവരുടെ കുടുംബങ്ങൾ തമ്മിൽ ബന്ധിപ്പിച്ച സ്നേഹത്തിന്റെ കണ്ണികൾ പെട്ടെന്നുള്ള ഈ ദുരന്തത്തിൽ അറ്റുപോയിരിക്കുകയാണ്.

മരണകാരണം വിഷപ്പുക ഉള്ളിൽ ചെന്നത് 

 തീപിടിത്തത്തിൽ മരിച്ച 15 പേരുടെയും മരണകാരണം പുക ശ്വസിച്ചതിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തീയിൽ പൊള്ളലേറ്റല്ല, മറിച്ച് പുറത്തുവന്ന വിഷപ്പുക ഉള്ളിൽ ചെന്നതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.മരിച്ചവരുടെ മൃതദേഹങ്ങളിൽ കാര്യമായ പൊള്ളലേറ്റ പാടുകളോ ആഴത്തിലുള്ള മുറിവുകളോ കണ്ടെത്താൻ സാധിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. അതേസമയം, പലരുടെയും മുഖത്തും കണ്ണുകളിലും നീർവീക്കം കണ്ടത് ശ്വാസതടസ്സം നേരിട്ടതിന്റെ ലക്ഷണമാണ്.ഇവരുടെ മൂക്കിലും ശ്വാസകോശത്തിലും കരിയും പുകയുടെ അംശങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ ഉയർന്ന വിഷപ്പുക ശ്വസിച്ചതോടെ ഇവർക്ക് ശ്വാസം ലഭിക്കാതെ വരികയും ബോധക്ഷയം സംഭവിച്ചു മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം