കാസർകോട് മെഡിക്കൽ കോളജിൽ ആദ്യ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു: മെഡിക്കൽ കോളേജിനെക്കൊണ്ടു ഉപകാരമില്ലെന്ന് എംഎൽഎ

കാസർകോട് മെഡിക്കൽ കോളജിൽ ആദ്യ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യമന്ത്രി  ഉദ്ഘാടനം ചെയ്‌തു: മെഡിക്കൽ കോളേജിനെക്കൊണ്ടു ഉപകാരമില്ലെന്ന് എംഎൽഎ

കാസർകോട്:  കാസർകോട് മെഡിക്കൽ കോളജിലെ  ആദ്യ എം.ബി.ബി.എസ് കോഴ്‌സ് ഉദ്ഘാടന വേദിയിൽ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ  വിമർശനം. വീണാജോർജ്ജിനെ വേദിയിലിരുത്തിയാണ്  കാസർകോട് മെഡിക്കൽ കോളജിനെക്കൊണ്ട് നാട്ടുകാർക്ക് ഉപകാരമില്ലെന്ന് സ്ഥലം  എം.എൽ.എകൂടിയായ എൻ.എ. നെല്ലിക്കുന്ന് വിമർശനമുന്നയിച്ചത് .പഠിക്കലും പഠിപ്പിക്കലും മാത്രമല്ല കിടത്തി ചികിത്സയും ആവശ്യമാണെന്നും അത് എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും  എം.എൽ.എ പറഞ്ഞു.

എന്നാൽ  കാസർകോടിനോട് അവഗണനയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ  മറുപടി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും  കിടത്തി ചികിത്സ എത്രയും വേഗം ആരംഭിക്കുമെന്നും മന്ത്രി മറുപടി നൽകി.

കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും സർക്കാർ മെഡിക്കൽ കോളജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങുമെന്നും മന്ത്രികൂട്ടിച്ചേർത്തു . സ്പെഷ്യാലിറ്റി സെൻ്ററിൽ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിനൊടുവിലാണ് ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്‌സ്‌ തുടങ്ങുന്നത്. നിലവിൽ ഒപി വിഭാഗം മാത്രമാണിവിടെ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജിൽ 50 എം.ബി.ബി.എസ് സീറ്റാണ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിച്ചത്. സംസ്ഥാന ക്വാട്ടയിലും അഖിലേന്ത്യാ ക്വാട്ടയിലുമായി 40 പേർ ഇതിനകം പ്രവേശനം നേടി. ബാക്കിയുള്ള ഒൻപത് സീറ്റുകളിലേക്ക് അടുത്ത അലോട്‌മെൻ്റിൽ വിദ്യാർഥികളെത്തും.ഹയർ ഓപ്ഷൻ നൽകിയിട്ടുള്ളതിനനുസരിച്ച് അലോട്‌മെൻ്റ് നടപടികൾ പൂർത്തിയാകുന്നതുവരെ വിദ്യാർഥികൾ വരികയും പോകുകയും ചെയ്യും. അക്കാദമിക ബ്ലോക്ക്, പെൺകുട്ടികളുടെ ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ നിർമാണം പൂർത്തിയായി. വൈദ്യുതീകരണ ജോലികൾ ബാക്കിയുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലും അനധ്യാപക ക്വാർട്ടേഴ്‌സുകളുമാണ് ഇനി പണിയുവാനുള്ളത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ പൂർണസജ്ജമാകുന്നതുവരെ ചെർക്കളയിൽ താത്കാലിക ഹോസ്റ്റൽ സംവിധാനമൊരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

2016 ലാണ് മെഡിക്കൽ കോളജിൻ്റെ നിർമ്മാണം ആരംഭിച്ചത്. നാഷണൽ മെഡിക്കൽ കമ്മിഷൻ്റെ അംഗീകാരം ഉൾപ്പെടെ ലഭിക്കാൻ പല മാനദണ്ഡങ്ങളും പാലിച്ചു. ഇത് ഒരു കൂട്ടായ്‌മയുടെയും സഹകരണത്തിൻ്റെയും വിജയമാണെന്നും വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളജിൻ്റെ നിർമ്മാണത്തിൽ ആദ്യ ഘട്ടംമുതൽ കൂടെ പ്രവർത്തിച്ചവർക്കും മന്ത്രി വീണാ ജോർജ് വേദിയിൽ വച്ച് നന്ദി അറിയിക്കുകയും ചെയ്‌തു.