ദ്രൗപതി മുർമു: ഇന്ത്യൻ വ്യോമസേനയുടെ ആധുനിക യുദ്ധ വിമാനത്തിൽ പറക്കുന്ന ആദ്യത്തെ രാഷ്ട്രപതി

ദ്രൗപതി മുർമു: ഇന്ത്യൻ വ്യോമസേനയുടെ  ആധുനിക യുദ്ധ വിമാനത്തിൽ പറക്കുന്ന ആദ്യത്തെ രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാഷ്‌ട്രപതി ദ്രൗപതി മുർമു റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയര്‍ന്നപ്പോള്‍ പിറന്നത് പുതു ചരിത്രം. .ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സോൾട്ട് ഏവിയേഷൻ നിർമിച്ച റാഫേൽ യുദ്ധവിമാനത്തിൽ ഒരു ഇന്ത്യൻ രാഷ്ട്രപതി പറക്കുന്നത് ഇതാദ്യമായാണ്. 2020 ൽ റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയില്‍ ഔപചാരികമായി ഉൾപ്പെടുത്തി. അംബാല വ്യോമസേനാ താവളത്തിൽ വിന്യസിച്ചിരിക്കുന്ന ഗോൾഡൻ ആരോസ് എന്നറിയപ്പെടുന്ന എലൈറ്റ് 17 സ്ക്വാഡ്രണിൻ്റെ ഭാഗമാണിത്. മികച്ച വേഗത, കൃത്യത, പോരാട്ട കാര്യക്ഷമത എന്നിവയ്ക്ക് ഈ വിമാനങ്ങൾ പേരുകേട്ടതാണ്. ഇന്ത്യയുടെ വളരുന്ന വ്യോമശക്തിയെ മാത്രമല്ല, രാജ്യത്തിൻ്റെ പ്രതിരോധ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാണ് പ്രസിഡൻ്റ് മുർമുവിൻ്റെ റാഫേൽ വിമാനത്തിൻ്റെ പറക്കൽ.ഇതോടെ  മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുള്‍ കലാമിന് പോലും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് മുര്‍മു നേടിയത്. ഇത് രണ്ടാം തവണയാണ് ദ്രൗപതി മുര്‍മു യുദ്ധ വിമാനത്തില്‍ പറക്കുന്നത്. നേരത്തെ 2023 ല്‍ അസമിലെ തേസ്പുരില്‍നിന്ന് സുഖോയ് 30 എം.കെ.ഐ വിമാനത്തിലും പറന്നിരുന്നു. മുൻ രാഷ്ട്രപതിമാരായ എപിജെ അബ്‌ദുൾ കലാമും പ്രതിഭ പാട്ടീലും 2006 ജൂൺ 8 നും 2009 നവംബർ 25 നും പൂനെയ്ക്കടുത്തുള്ള ലോഹെഗാവിലെ വ്യോമസേനാ സ്റ്റേഷനിൽ സുഖോയ് -30 എംകെഐ യുദ്ധവിമാനങ്ങളിൽ പറന്നുയർന്നിരുന്നു.വ്യോമസേനയിലുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിച്ച് ചിരിപടര്‍ന്ന മുഖവുമായി പുതിയ ദൗത്യം ഏറ്റെടുക്കാൻ  ബുധനാഴ്ച്ച രാവിലെ 11 മണിയോടെ ഓവറോള്‍ ധരിച്ച് മുര്‍മു റഫാലിനടുത്ത് എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ സ്‌റ്റേഷനിൽ നിന്നുമായിരുന്നു ചരിത്ര ദൗത്യം. യുദ്ധ വിമാനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യോമസേന ഉദ്യോഗസ്ഥര്‍ മുര്‍മുവിന് പരിചയപ്പെടുത്തി. ചീഫ് ഓഫ് എയർ സ്റ്റാഫ് (സിഎഎസ്) എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങും ദൗത്യത്തില്‍ മുര്‍മുവിനൊപ്പം ഉണ്ടായിരുന്നു. റാഫേൽ വിമാനയാത്രയ്ക്ക് മുമ്പായി പ്രസിഡൻ്റ് മുർമുവിന് ഔദ്യോഗികമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്‌തു.ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്‌താനെതിരായ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ വിന്യസിച്ച പോർവിമാനമാണ് റാഫേൽ. ഇത് 4.5 തലമുറയിൽപ്പെട്ട യുദ്ധവിമാനമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ മൾട്ടി-റോൾ ശേഷിയുള്ള സമാനതകളില്ലാത്ത ആയുധ സംവിധാനങ്ങളും സെൻസറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേൽ യുദ്ധവിമാനങ്ങൾ 2020 സെപ്റ്റംബറിലാണ് അംബാലയിലെ വ്യോമസേനാ സ്‌റ്റേഷനിൽ യുദ്ധവിമാനമായി ഔപചാരികമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. 2020 ജൂലൈ 27 ന് ഫ്രാൻസിൽ നിന്ന് എത്തിയ ആദ്യത്തെ അഞ്ച് റാഫേൽ വിമാനങ്ങൾ 'ഗോൾഡൻ ആരോസ്' എന്ന 17-ാം മത്തെ സ്ക്വാഡ്രണിൽ ഉൾപ്പെടുത്തി.

ഇതോടെ ഒറിജിനൽ ഉപകരണ നിർമ്മാതാവ് (Original Equipment Manufacturer) ഇല്ലാതെ തന്നെ 4.5 തലമുറ യുദ്ധവിമാനം നിർമിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ ഉടൻ മാറും. ഇതിൻ്റെ ഭാഗമായി ഫ്രാൻസിലെ ഡസോൾട്ട് ഏവിയേഷൻ ഇന്ത്യൻ നാവികസേനയുടെയും വ്യോമസേനയുടെയും ഓർഡറുകൾ കണക്കിലെടുത്ത് ഇന്ത്യയിൽ ഒരു റാഫേൽ അസംബ്ലി ലൈൻ ആസൂത്രണം ചെയ്യുന്നു.യുഎയിലേക്ക് 80, ഇന്തോനേഷ്യയിലേക്ക് 42, ക്രൊയേഷ്യയിലേക്ക് 12, ഈജിപ്‌തിലേക്ക് 54, ഗ്രീസിലേക്ക് 24, ഖത്തർ 36, ഇന്ത്യൻ നാവികസേനയ്ക്ക് 26 എന്നിങ്ങനെ ഓർഡർ ചെയ്‌തതിൻ്റെ ബാക്കിപത്രമായി 200 ഓളം റാഫേൽ വിമാനങ്ങളാണ് ഡസോൾട്ടിന് നിലവിൽ ബാക്കിയുള്ളത്. പ്രതിവർഷം 24 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷി പരിമിതപ്പെടുത്തിയിരിക്കുന്ന ഡസോൾട്ട്, ഇന്ത്യയിലെ സംയുക്ത സംരംഭമായ ഡസോൾട്ട് റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡിൽ (ഡിആർഎഎൽ) ഒരു അധിക ഉൽപ്പാദന ലൈൻ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.

ഇന്ത്യ ഒരു വലിയ വിപണിയാണ്. ഇന്ത്യൻ വ്യോമസേന 114 യുദ്ധവിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെവിടെയുമുള്ള യുദ്ധവിമാനങ്ങൾക്കായുള്ള ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നായിരിക്കും ഇത്. 26 വിമാനങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ ഓർഡർ അടുത്ത ആറ് മാസത്തിനുള്ളിൽ അന്തിമമാകുമെന്നും 2027 ൽ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് ഡസോൾട്ട് നൽകിയ പ്രസ്‌താവനയിൽ പറയുന്നു.