കേരളത്തിലെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് കുറയുന്നു

കേരളത്തിലെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് കുറയുന്നു

തിരുവനന്തപുരം :മലയാളിയുടെ ഭക്ഷണശീലങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ മത്സ്യസമ്പത്ത് കേരളത്തിലെ ജലാശയങ്ങളിൽ നിന്ന് അതിവേഗം അപ്രത്യക്ഷമാകുന്നതായി റിപ്പോർട്ട്. പാരിസ്ഥിതിക ആഘാതങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവുമാണ് പുഴകളിലെയും തോടുകളിലെയും ഈ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ മലയോര മേഖലകളിൽ ഒരുകാലത്ത് സമൃദ്ധമായി കണ്ടിരുന്ന പരൽ, വാഴക്കാവരയൻ, കല്ലേമുട്ടി, ചില്ലാൻകൂരി തുടങ്ങിയ ചെറു മത്സ്യങ്ങൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഒരു വലിയ വിഭാഗം ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ് ഈ മത്സ്യസമ്പത്തിന്റെ നാശത്തിലൂടെ ഇല്ലാതാകുന്നത്.ഇതിനു പ്രധാനമായി പറയുന്ന കാരണങ്ങളിലൊന്ന് മാലിന്യ നിക്ഷേപമാണ്  ജലസ്രോതസ്സുകളിലേക്ക് തള്ളുന്ന മാലിന്യങ്ങൾ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ പൂർണ്ണമായും നശിപ്പിക്കുന്നു.

രണ്ടാമത്  രാസവള പ്രയോഗം. മലയോര മേഖലകളിലെ കൃഷിയിടങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മഴവെള്ളത്തിൽ കലർന്ന് പുഴകളിൽ എത്തുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി.മൂന്നാമത്തേത് കാലാവസ്ഥാ വ്യതിയാനമാണ് . മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ മത്സ്യങ്ങളുടെ പ്രജനനത്തെയും അതിജീവനത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു.

ഈ സ്ഥിതി തുടർന്നാൽ വരുംതലമുറയ്ക്ക് തിരിച്ചുപിടിക്കാനാവാത്ത വിധം ജൈവവൈവിധ്യം നഷ്ടപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും കീടനാശിനി പ്രയോഗം നിയന്ത്രിക്കുന്നതിനും അടിയന്തര നടപടികൾ വേണമെന്നാണ് ഉയരുന്ന ആവശ്യം