ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയേറി

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയേറി

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ  നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവ രജതജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചികൊണ്ടു നെരൂൾ (നവിമുംബൈ) - ഗുരുദേവഗിരിയിൽ കൊടിയേറി. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ കൊടിയേറ്റ് കർമത്തിന് മുഖ്യ കാർമികത്വം വഹിച്ചു.

ശിവഗിരി മഠത്തിൽ നിന്നും എത്തിയ മറ്റു സന്യാസിമാരായ സ്വാമി ഗുരുപ്രസാദ്, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സംവിധാനന്ദ , സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ, ക്ഷേത്രം ശാന്തിമാർ എന്നിവർ ചേർന്നാണ് കൊടിയേറ്റ് കർമം നിർവഹിച്ചത്. സമിതി ഭാരവാഹികൾ, സോണൽ സെക്രട്ടറിമാർ, യൂണിറ്റ് സെക്രട്ടറിമാർ, കൗൺസിൽ അംഗങ്ങൾ, പോഷകസംഘടനാ പ്രവർത്തകർ ,പുറത്തുനിന്നും എത്തിയ ഗുരുഭക്തർ എന്നിവരടക്കം നിരവധിപേർ കൊടിയേറ്റ് കർമം ദർശിക്കുന്നതിനായി സന്നിഹിതരായിരുന്നു.

സ്വാമി ഗുരുപ്രസാദ് പ്രഭാഷണം  നടത്തി . സമിതിയുടെ  ഒന്നുമുതൽ 30  വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ പങ്കെടുത്ത കലാപരിപാടികൾ,

ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്ര അവതരിപ്പിച്ച നിഴലുകൾക്കു നിറഭേദമോ എന്ന നാടകം, കേരളം കലാമണ്ഡലം അവതരിപ്പിച്ച ഗുരുദേവമാഹാത്മ്യം കഥകളി എന്നിവയും ഉണ്ടായിരുന്നു. 

ഗുരുദേവഗിരിയിൽ നാളെ

പ്രതിഷ്ഠാ വാർഷിക ദിവവസമായ നാളെ ,അമേരിക്കയിൽ നിന്നുള്ള ഗുരുധർമ പ്രചാരകരായ ബ്രൂസ്   റെയ് റൂസെൽ, ആഡ്രിയെന്നെ ഗ്രിഡി സ്മിത്ത് എന്നിവർക്ക് ശിവഗിരി ആശ്രമത്തിൽ നിന്നും എത്തുന്ന സന്യാസിമാർ സന്യാസ ദീക്ഷ നൽകും. ശേഷം 8 .30  മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11നു  കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. 2 .30  മുതൽ സമിതിയുടെ 31  മുതൽ 39  വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 6 .30 മുതൽ മുംബൈ ആദം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന അതിജീവനക്കാറ്റ് എന്ന നാടകം.  7 .30   മുതൽ ഭഗവതിസേവ.  9  നു മഹാപ്രസാദം.


Photo : ഇരുപത്തിയഞ്ചാമത് ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിന് സമാരംഭം കുറിച്ചുകൊണ്ട് ശിവഗിരി ധർമ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമം നടത്തുന്നു