ഫോറെക്സ് ട്രേഡിംഗ് തട്ടിപ്പ് : 5.3 കോടി രൂപ നഷ്ടപ്പെട്ട യുവതി ആത്മഹത്യ ചെയ്തു.

പൻവേൽ: ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു തട്ടിപ്പുകാരനിൽ നിന്ന് 'ഫോറെക്സ് ട്രേഡിംഗ് 'തട്ടിപ്പിൽ 5.3 കോടി രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് പൻവേൽ സ്വദേശിനി ആത്മഹത്യ ചെയ്‌തു. അനഘ പാട്ടീൽ എന്ന 36 കാരിയാണ് സാമ്പത്തിക നഷ്ടത്തെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്താൽ ആത്മഹത്യചെയ്തത്. . പ്രതിയായ രവി ഹരേഷ്ഭായ് ഭാഡ്കയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൻവേൽ സിറ്റി പോലീസ് കേസെടുത്ത് അയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2023 ൽ ഡൽഹിയിൽ ഒരു ഓൺലൈൻ ഫോറെക്സ് കോഴ്‌സിലും പിന്നീട് ഓഫ്‌ലൈൻ ഫോറെക്സ് കോഴ്‌സിലും പങ്കെടുക്കുന്നതിനിടെയാണ് അനഘ ഭാഡ്കയെ പരിചയപ്പെട്ടത്. പരിചയത്തിനിടയിൽ, പ്രതി അവളെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി, അത്തരം നിക്ഷേപങ്ങളിലൂടെ തനിക്ക് ഗണ്യമായ ലാഭം നേടാൻകഴിഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ടു.പിന്നീട് അനഘയുടെ കുടുംബത്തെ കണ്ടുമുട്ടിയ ഭാഡ്ക, ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്ത് ഫോറെക്സ് വിപണിയിൽ നിക്ഷേപിക്കാൻ അവരെയും പ്രേരിപ്പിച്ചു. തുടക്കത്തിൽ, വിശ്വാസം സ്ഥാപിക്കുന്നതിനായി അദ്ദേഹം ചെറിയ ലാഭം നൽകിയെങ്കിലും പിന്നീട് അനഘയിൽ നിന്നും അവളുടെ അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും ഭർത്താവിൽ നിന്നും വലിയ തുകകൾ പിരിച്ചെടുത്തു - ആകെ ₹5.3 കോടി.
തുടർന്നുള്ള മാസങ്ങളിൽ നിക്ഷേപിച്ച പണം തിരികെ നൽകാൻ അയാൾക്ക് കഴിയാതെ വന്നപ്പോൾ കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് അനഘയെ ഉപദ്രവിക്കാനും തുടങ്ങി.ഇതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്താലാണ് അനഘ ആത്മഹത്യചെയ്തതെന്ന് പോലീസ് കണ്ടെത്തി . ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ 38 ലക്ഷം രൂപ നേരിട്ട് പ്രതിക്ക് കൈമാറിയതായി പോലീസ് കണ്ടെത്തി, ആകെ 5.3 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. .
അനഘയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പൻവേൽ സിറ്റി പോലീസ് രവി ഭാഡ്കയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.