ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാര്‍ അറസ്‌റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ അറസ്റ്റിൽ. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്‌തത്.
പത്തനംതിട്ടയിലെ മുൻ സിപിഎം ജില്ലാ സെക്രട്ടറിയും മുൻ കോന്നി എംഎൽഎയുമായിരുന്നു എ പത്മകുമാർ. സ്വർണക്കൊള്ള കേസിലെ എട്ടാം പ്രതിയായാണ് പത്മകുമാറിനെ പ്രതിചേർത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാറിനെ ഇന്ന് ഹാജരാക്കും. പത്മകുമാർ കൂടി അറസ്റ്റിലായതോടെ ആറു പേരാണ് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലാകുന്നത്.
ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
എസ്‌ഐടിയുടെ കണ്ടെത്തലുകൾ
പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും സ്വർണക്കൊള്ളയിൽ ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു. കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ.
മുൻപ് അറസ്റ്റിലായ വാസുവിൻ്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്ന പത്മകുമാറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. 2019 ഫെബ്രുവരി 26 നാണ് സ്വർണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യോഗം ഈ ഫയലിന് അംഗീകാരം നൽകുകയായിരുന്ന.
അങ്ങിനെയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ചട്ടങ്ങൾ ലംഘിച്ച് സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് കടത്തിയതും സ്വർണം കവർന്നതും. അതിനാൽ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്നാണ് എസ്ഐടി കരുതുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയില്‍ സർവസ്വാതന്ത്ര്യവും നല്‍കിയത് എ പത്മകുമാറാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടിയുടെ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തപ്പോൾ ബോർഡിൻ്റെ തീരുമാനമെന്നായിരുന്നു മൊഴി നൽകിയത്. 2019 ൽ പത്മകുമാറിൻ്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.
സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ.ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എൻ വാസു, മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
പത്മകുമാറിൻ്റെ ചോദ്യം ചെയ്‌തത് കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായി. 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നത് എ പത്മകുമാർ ആയിരുന്നു. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ലെന്നും എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തതായി അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാർ മാധ്യമങ്ങളോട് കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. അങ്ങനെ ഒരു എഫ്ഐആര്‍ ഉണ്ടെന്ന വിവരം താനിതുവരെ അറിഞ്ഞിട്ടില്ലെന്നും നിയമപ്രകാരമോ അതല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ തനിക്കങ്ങനെ ഒരു വിവരം കിട്ടിയിട്ടില്ലെന്നും പറഞ്ഞു."അങ്ങനെ ഒരു പ്രതി ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിൻ്റെ ഭാഗത്ത് നിന്ന് ഈ കാര്യങ്ങളിലൊന്നും വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ഞങ്ങള്‍ ചെയ്‌തിട്ടില്ല. അതിൻ്റെ എഫ്ഐആറില്‍ അങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടിടത്ത് പറഞ്ഞിട്ട് അവസാനിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യും" പത്മകുമാര്‍ കൂട്ടിച്ചേർത്തു.
പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത്, വി എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച പത്തനംതിട്ട ജില്ലയിൽ പിണറായി വിജയന് വേണ്ടി പടനയിച്ചവരിൽ പ്രധാനിയാണ് അറസ്റ്റിലായ എ പത്മകുമാർ .
ജനനം 1957 മെയ് 27ന് പത്തനംതിട്ടയിലെ ആറന്മുളയിൽ. ചങ്ങനാശേരി എന്‍എസ്എസ് കോളജിലായിരുന്നു വിദ്യാഭ്യാസം.
- ശബരിമലയില്‍ ദേവസ്വം കോണ്‍ട്രാക്ടര്‍ ആയിരുന്നു പിതാവ് അച്യുതന്‍ നായര്‍. അതു കൊണ്ടുതന്നെ ശബരിമലയുമായി വലിയ ആത്മബന്ധം
- ഇഷ്ടികച്ചൂള ബിസിനസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു
- ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര എക്ലി. അംഗം, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു
- നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം
- 1991 ല്‍ 34-ാം വയസില്‍ കോന്നിയില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. എന്‍ഡിപിയിലെ ആർ രാമചന്ദ്രന്‍ നായരെ 916 വോട്ടിന് തോല്‍പ്പിച്ചു.
- 1996 ല്‍ കോന്നിയിൽ കോൺഗ്രസിലെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടു
- 2001 ല്‍ സ്വന്തം മണ്ഡലമായ ആറന്മുളയിൽ മത്സരിച്ചെങ്കിലും മാലേത്ത് സരളാദേവിയോട് തോറ്റു
- വി എസ് പക്ഷത്തിനൊപ്പം നിന്ന പത്തനംതിട്ടയില്‍ പിണറായിക്ക് വേണ്ടി പട നയിച്ചവരില്‍ പ്രമുഖൻ
- പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 2019ല്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തിലെത്തി