ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ അംഗം ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ അംഗം ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്.തിരുവനന്തപുരം ഈഞ്ചക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അറസ്റ്റ് നടപടികൾ. പക്ഷാഘാതത്തെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പൊലീസ് നടപടി. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മജിസ്‌ട്രേറ്റും നേരിട്ട് ആശുപത്രിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ആരോഗ്യനില വിലയിരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ താത്കാലികമായി ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഉടൻ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാഹചര്യം നിലവിലില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് വിവരം അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. ശങ്കരദാസിൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം ഉണ്ടായത്. നാളെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കുമെന്നാണ് വിവരം.

ഹൈക്കോടതി ഇടപെടൽ

ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിയിൽ നിന്ന് അന്വേഷണ സംഘത്തിന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട അന്ന് മുതൽ ശങ്കരദാസ് ആശുപത്രിയിൽ കഴിയുകയാണെന്നും ഇദ്ദേഹത്തിൻ്റെ മകൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 'എന്ത് അസംബന്ധമാണ് നടക്കുന്നത്' എന്നായിരുന്നു കോടതിയുടെ ചോദ്യം. ശങ്കരദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയുടെ കർശന നിലപാടിനെത്തുടർന്ന് അറസ്റ്റ് അനിവാര്യമായി മാറുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നു

ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലും ഗൂഢാലോചനയിലുമാണ് ശങ്കരദാസിനെ പ്രതിചേർത്തിരിക്കുന്നത്. സ്വർണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ശങ്കരദാസിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. അഴിമതിയിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശങ്കരദാസിനെതിരെയുള്ള നീക്കം ശക്തമാക്കിയത്. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.