പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോര്‍ത്തിനൽകി ; കൊച്ചിൻ ഷിപ്പ്‌യാർഡിലെ മുൻ ജീവനക്കാർ അറസ്റ്റിൽ

പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോര്‍ത്തിനൽകി ; കൊച്ചിൻ ഷിപ്പ്‌യാർഡിലെ മുൻ ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറി. കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലെ രണ്ട് മുൻ ജീവനക്കാർ അറസ്റ്റില്‍. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), സാന്ദ്രി (37) എന്നിവരാണ് അറസ്റ്റിലായത്. മാല്‍പെയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.

നിലവിൽ മാൽപെയിലെ ഒരു കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിൻ ഷിപ്പ്‌യാർഡ് കമ്പനിക്ക് എംഎസ് സുഷ്‌മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സബ് കോൺട്രാക്‌ട് ഉണ്ട്. ഈ സബ്കോൺട്രാക്‌ടിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള രോഹിത് ഇൻസുലേറ്ററായി ജോലി ചെയ്‌തിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഇന്ത്യൻ നാവിക സേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നിയമവിരുദ്ധമായി ഇയാൾ പങ്കുവച്ചിരുന്നു.കപ്പൽ നമ്പറുകളും മറ്റ് രഹസ്യ വിവരങ്ങളുമാണ് വാട്‌സ്‌ ആപ്പ് വഴി പങ്കുവച്ച് അനധികൃത ലാഭം നേടിയത്. പിന്നീട് ഇരുവരെയും മാൽപെയിലെ ഷിപ്പ്‌യാർഡ് ലിമിറ്റഡിലേക്ക് മാറ്റി. അവിടെ നിന്ന് കൊച്ചിയിലെ സുഹൃത്തിൽ നിന്ന് വിവരങ്ങൾ നേടി.ഈ വിവരങ്ങൾ വാട്‌സ്‌ ആപ്പ് വഴി പാകിസ്ഥാനിലെ ഒരു അനധികൃത വ്യക്തിക്ക് പങ്കുവച്ചതായി കണ്ടെത്തി. ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ ചോർത്തുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണ്. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം പ്രവൃത്തികൾ ഇവർ ചെയ്‌തതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കൊച്ചിൻ ഷിപ്പ്‌യാർഡ് കമ്പനി കേന്ദ്ര സർക്കാരിൻ്റെ തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾ കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് നിർമിക്കുന്നതെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ അറിയിച്ചു.