മുൻ മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് അന്തരിച്ചു:

മുൻ മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് അന്തരിച്ചു:

റാഞ്ചി: കഴിഞ്ഞ നാല് വർഷമായി ജാർഖണ്ഡിൽ ജയിലിൽ കഴിയുന്ന മുൻ മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് അന്തരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു അന്ത്യമെന്ന് പൊലീസ് അറിയിച്ചു. 'കിഷൻ ദാ' എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് പ്രശാന്ത് ബോസ്. ഇയാള്‍ക്ക് 80 വയസിലേറെ പ്രായമുണ്ട്.'മനീഷ്', 'ബുദ്ധ' എന്നീ അപരനാമങ്ങളുള്ള പ്രശാന്ത് ബോസിനെ ഭാര്യ ഷീല മറാണ്ടിയോടൊപ്പം 2021 നവംബർ 12 നാണ് സെറൈകേല-ഖർസവൻ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, ഛത്തീസ്‌ഗഢ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി നൂറിലധികം ആക്രമണങ്ങളുടെയും തീവയ്പ്പ്‌ സംഭവങ്ങളുടെയും സൂത്രധാരനായിരുന്നു പ്രശാന്ത് ബോസ്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ, കേന്ദ്ര സൈനിക കമ്മിഷൻ എന്നിവയിലെ സജീവ അംഗമായിരുന്നു.

പശ്ചിമ ബംഗാൾ സ്വദേശിയായ പ്രശാന്ത് ബോസിന്‍റെ തലയ്ക്ക് 2018 ഓഗസ്റ്റിൽ ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് സംസ്ഥാനങ്ങളും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മേഖലയിലെ നിരവധി സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഇയാള്‍ നേതൃത്വം നൽകിയിരുന്നു. സാരന്ദ വനങ്ങളിൽ നിന്നാണ് പ്രശാന്ത് ബോസ് പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തിരുന്നത് എന്നാണ് വിവരം.

അതേസമയം അടുത്തിടെയാണ് ആന്ധ്രാപ്രദേശിൽ മുതിർന്ന മാവോയിസ്റ്റ് നേതാവുൾപ്പെടെ 9 പേർ കീഴടങ്ങിയ സംഭവം ഉണ്ടായത്. ആന്ധ്ര-ഒഡിഷ ബോർഡർ (എഒബി) സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ കേന്ദ്ര കമ്മിറ്റി അംഗവും സെക്രട്ടറിയുമായ മാവോയിസ്റ്റ് നേതാവ് ചെല്ലൂരി നാരായണ റാവുവും എട്ടംഗ സംഘവുമാണ് ഡിജിപി ഹരീഷ് കുമാർ ഗുപ്‌തയുടെ മുൻപാകെ കീഴടങ്ങിയത്.ഇവരുടെ കീഴടങ്ങലോടെ സംസ്ഥാനത്ത് ഇടതുപക്ഷ തീവ്രവാദം (എൽഡബ്ല്യുഇ) അവസാനിച്ചുവെന്ന് ഡിജിപി ഹരീഷ് കുമാർ പ്രതികരിച്ചിരുന്നു. 2026 മാർച്ചോടെ നക്‌സൽ മുക്ത ഇന്ത്യ സൃഷ്‌ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31-നകം നക്‌സലിസം വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത അദ്ദേഹം പലതവണ ആവർത്തിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന പൊലീസും ഈ ലക്ഷ്യത്തിലെത്താൻ പരിശ്രമിച്ചുവെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.