"മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടേ !?" : മുൻമന്ത്രി ജി.സുധാകരൻ

"മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം  വേണ്ടേ !?" : മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ :മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടെ എന്ന ചോദ്യവുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണ് ? സജി ചെറിയാന്‍ ഒക്കെ ഇങ്ങനെ സംസാരിച്ചാല്‍ എങ്ങനെ നടക്കും. എകെ ബാലന്‍ വന്ന് പ്രചരണം നടത്തുമോ- അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ ഉള്ള എന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറഞ്ഞതിന് സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും ,സജിചെറിയാൻ്റെ പരാമർശത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കംപൊട്ടിച്ച്‌  'ടീ പാർട്ടി ' നടത്തിയവരില്‍  മന്ത്രി സജി ചെറിയാനും ഉണ്ടെന്നും മുൻമന്ത്രിയും  ജി.സുധാകരൻ്റെ തുറന്നുപറച്ചില്‍. സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാമെന്നും അദ്ദേഹം താക്കീതുനൽകി . പാര്‍ട്ടിയോട് ചേര്‍ന്നുപോകണമെന്ന് തന്നെ സജിചെറിയാൻ ഉപദേശിക്കേണ്ട , പാര്‍ട്ടിക്കകത്താണ് താൻ നില്‍ക്കുന്നത്. അത്  സജി ചെറിയാന് പറയാന്‍ അറിയില്ല. സജി ചെറിയാന് മാര്‍ക്‌സിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ ഈ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും കഴിയുന്നില്ല ,പാർട്ടി ശൈലിക്ക് വിരുദ്ധമായാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു."രണ്ടാഴ്ചയ്ക്ക് മുന്‍പ് സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിച്ച 14 കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആ അടിസ്ഥാനത്തില്‍ വിലക്കിയോ. ഇടയ്ക്ക് കുറച്ചു കാലം മന്ത്രി സഭയില്‍ നിന്നും മാറ്റി. അദ്ദേഹം ആണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. മന്ത്രി സഭയില്‍ 10 വര്‍ഷം ഇരുന്നിട്ട് ഞങ്ങളെ ഒന്നും ആരും മാറ്റിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ അദ്ദേഹത്തിന് ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല. ഞങ്ങള്‍ രണ്ട് പേരെ കുറിച്ചും നിങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ഒരു പഠനം നടത്തുക "-സുധാകരൻ പറഞ്ഞു.

ഞാന്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് പ്രതിനിധിയായി എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് എ കെ ബാലന്‍. 72ലോ മറ്റോ നടന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം. തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സിഎച്ച് കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ലല്ല. ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഞാന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല. ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന്‍ മാറിക്കോളു. എനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന്‍ എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൈബര്‍ ആക്രമണതത്തെ കുറിച്ച് പ്രതികരിക്കാതെ എന്നെ എതിര്‍ക്കുന്നത് എന്തിനാണ് – സുധാകരൻ ചോദിച്ചു.