മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

എറണാകുളം: മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ്(73)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ട് തവണ മന്ത്രിയും നാലു തവണ എംഎല്‍എയുമായിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സര്‍ക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് സാമൂഹ്യക്ഷേമം വകുപ്പുകളുടെ മന്ത്രിയായിരുന്നു. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു.ശ്വാസകോശ അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്  എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ മുസ്‍ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെയാണ് വികെ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്ത് മുസ്‍ലിം ലീഗിൻ്റെ പ്രമുഖ നേതാവായും മന്ത്രിയായും അദ്ദേഹം ഉയർന്നു. വിദ്യാർഥി സംഘടനാ നേതാവായിരിക്കെ വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായി. പിന്നീട് യൂത്ത് ലീഗിൻ്റെയും മുസ്‍ലിം ലീഗിൻ്റെയും ഭാരവാഹി സ്ഥാനങ്ങളിൽ കാൽ നൂറ്റാണ്ടോളം കാലം അദ്ദേഹം സജീവമായി പ്രവർത്തിച്ചു.

ഇന്ന് വൈകിട്ട് 6ന് കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിൽ പൊതുദർശനം നടക്കും. നാളെ (07.01.2026) രാവിലെ 9ന് ഭൗതികശരീരം വീട്ടിൽ നിന്ന് എടുക്കും. തുടർന്ന് 10ന് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ ഇബ്രാഹിം കുഞ്ഞ് രണ്ട് തവണ മന്ത്രിസ്ഥാനവും വഹിച്ചു. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. മണ്ഡല പുനർനിർണയത്തിന് ശേഷം മട്ടാഞ്ചേരി കൊച്ചിയായി മാറിയതോടെ അദ്ദേഹം കളമശേരിയിലേക്ക് മാറുകയായിരുന്നു. 2011, 2016 വർഷങ്ങളിൽ കളമശേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടർന്ന് 2005ലാണ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ വിശ്വസ്തനായ ഇബ്രാഹിം കുഞ്ഞ് എത്തിയത്. ഈ കാലയളവിലാണ് അദ്ദേഹം തൻ്റെ ഭരണപരമായ പാടവം തെളിയിച്ചത്. അന്ന് ഒരു വർഷം മാത്രമാണ് അദ്ദേഹത്തിന് ഭരണത്തിൽ തുടരാൻ കഴിഞ്ഞത്. പിന്നീട് 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ വികെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു.

അംഗീകാരങ്ങളും പദവികളും

പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മികച്ച മന്ത്രിയെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടു. 2012ൽ കേരള രത്ന പുരസ്കാരവും, 2013ൽ മികച്ച മന്ത്രിക്കുള്ള കേളീ കേരള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി. യുഎസ്എ ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് ഉൾപ്പെടെയുള്ള രാജ്യാന്തര അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഗോശ്രീ ഐലൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ ഉന്നത സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

വിവാദങ്ങളും തിരിച്ചടികളും :

മന്ത്രിയായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും പാലാരിവട്ടം പാലം നിർമാണ ക്രമക്കേടിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായി. കാൻസർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ 2020 നവംബർ 18നാണ് വിജിലൻസ് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് മജിസ്ട്രേറ്റ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2021ൽ കളമശേരി മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെങ്കിലും പാർട്ടിയും മുന്നണിയും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ തൻ്റെ പിൻഗാമിയായി മകൻ വിഇ അബ്ദുൽ ഗഫൂറിനെ മത്സരിപ്പിച്ചെങ്കിലും പി രാജീവിനോട് പരാജയപ്പെട്ടു.

മുസ്‍ലിം ലീഗിൻ്റെ ഉന്നത അധികാര സമിതി അംഗമായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. 1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി യു ഖാദറിൻ്റെയും ചിത്തുമ്മയുടെയും മകനായാണ് ഇബ്രാഹിം കുഞ്ഞിൻ്റെ ജനനം. നദീറയാണ് ഭാര്യ. വിഇ അബ്ദുൽ ഗഫൂർ, വിഇ അബ്ബാസ്, വിഇ അനൂപ് എന്നിവരാണ് മക്കൾ.

അനുശോചിച്ച് പ്രമുഖര്‍:

പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കർ 

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ – പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസേവന രംഗത്ത് ദീർഘകാലം സമർപ്പിതമായി പ്രവർത്തിച്ച അദ്ദേഹം, മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകി.ജനങ്ങളോടുള്ള അടുപ്പവും ഭരണകാര്യങ്ങളിൽ കാണിച്ച ദൃഢനിശ്ചയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമായി മാറ്റി. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സംസ്ഥാനത്തിന്റെ വളർച്ചയിൽ തന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചതായും സ്പീക്കർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കു ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു

"പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള നേതാവ് " : മന്ത്രി പി രാജീവ്

വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ നിര്യണത്തിൽ വ്യവസായ മന്ത്രി പി രാജീവ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ന് രാവിലെ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അസുഖ ബാധിതനായിരിക്കേ പലവട്ടം ആലുവയിലെ വീട്ടിൽ എത്തിയും കണ്ടിരുന്നു. വിദ്യാർഥി, യുവജന സംഘടനാ നേതാവിൽ നിന്ന് ഭരണാധികാരിയായും രാഷ്ട്രീയ നേതാവുമായി വളർന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു. രണ്ട് രാഷ്ട്രീയ പാർട്ടികളിലായിരുന്നെങ്കിലും ട്രേഡ് യൂണിയൻ രംഗത്ത് നിരവധി തവണ ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളികളെ സംബന്ധിച്ച പ്രശ്നങ്ങളിൽ പലപ്പോഴും ഒരേ നിലപാട് കൈക്കൊണ്ടു. നിയമസഭാംഗമായും രണ്ട് തവണ മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ വേർപാടിൽ ബന്ധുമിത്രാദികളുടെയും മുസ്ലീം ലീഗ് അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

കഴിവുറ്റ മന്ത്രിയായിരുന്നെന്ന് സണ്ണി ജോസഫ്

വി കെ ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗിൻ്റെ യും യുഡിഎഫിൻ്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും ആയിരുന്നെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കിയത്. മനുഷ്യ സ്‌നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിൻ്റെ വേര്‍പാട് വലിയ നഷ്ടവും ദുഖഃവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗീൻ്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

വേർപാട് ഏറെ ദുഃഖകരമെന്ന് ഹൈബി ഈഡൻ എം പി

മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ വേർപാട് ഏറെ ദുഃഖകരമെന്ന് ഹൈബി ഈഡൻ എം പി. കേരളത്തിൻ്റെ പ്രത്യേകിച്ച് എറണാകുളത്തിൻ്റെ വികസന പാതയിൽ ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിംകുഞ്ഞ്. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതനായ പൊതുപ്രവർത്തകനായിരുന്നു.തൻ്റെ മണ്ഡലത്തിലെ ജനങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളിൽ പോലും ഒരു കുടുംബാഗത്തെ പോലെ ഇടപെട്ടിരുന്ന ജനപ്രതിനിധി ആയിരുന്നു. എം എൽ എ ആയിരുന്ന കാലം മുതൽ ഇബ്രാഹിംകുഞ്ഞുമായുണ്ടായിരുന്നത് അഗാധമായ വ്യക്തി ബന്ധമെന്നും ഹൈബി ഈഡൻ പറഞ്ഞു.

നഷ്ടമായത് നല്ലൊരു സൃഹൃത്തിനെയെന്ന് ചെന്നിത്തല

നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് ഇബ്രാഹിം കുഞ്ഞിൻ്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും നിയമസഭാ സാമാജികർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.വ്യവസായമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നീ നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി. വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.