ധര്‍മടം മുന്‍ എം എല്‍ എ കെ.കെ.നാരായണന്‍ അന്തരിച്ചു

ധര്‍മടം മുന്‍ എം എല്‍ എ  കെ.കെ.നാരായണന്‍ അന്തരിച്ചു

കണ്ണൂർ: പെരളശേരി ധർമടം മണ്ഡലം മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെകെ നാരായണൻ അന്തരിച്ചു. മുണ്ടലൂർ ന്യൂ എൽപി സ്‌കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധൻ വൈകീട്ട് നാലിന് പയ്യാമ്പലത്ത് നടക്കും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ ബാങ്ക് പ്രസിഡൻ്റ്, വിസ്‌മയ അമ്യൂസ്മെൻ്റ് പാർക്ക് ചെയർമാൻ, കണ്ണൂർ എകെജി സഹകരണ ആശുപത്രി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ അംഗമാണ്. സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു.

അടിയന്തരവസ്ഥക്കാലത്തും അതിന് ശേഷവും ക്രൂരമായ പൊലീസ് മർദ്ദനങ്ങൾക്കിരയായി. ബീഡി തൊഴിലാളി നേതാവായാണ് പൊതുജീവിതം ആരംഭിച്ചത്. ടുബാക്കോ വർക്കേഴ്‌സ്‌ യൂണിയൻ്റെയും മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ്റെയും നേതൃത്വം വഹിച്ചു. പരേതരായ കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണൻ്റെയും വാഴവളപ്പിൽ മാതുവിൻ്റെയും മകനാണ് കെകെ നാരായണൻ.

ഭാര്യ: സുശീല (റിട്ട. മൗവഞ്ചേരി റൂറൽ സഹകരണ ബാങ്ക്). മക്കൾ: സുനീഷ് (സിപിഎം എടക്കാട് ഏരിയ കമ്മിറ്റി അംഗം, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പെരളശ്ശേരി എകെജി സ്‌മാരക ആശുപത്രി പ്രസിഡൻ്റ്), ഷാജേഷ് (ഐസിഎം, പറശ്ശിനിക്കടവ്). മരുമക്കൾ: രമ്യ (പെരളശ്ശേരി ബാങ്ക്), ജിഷ (നീലേശ്വരം, കിനാനൂർ സർവീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പുരുഷോത്തമൻ, ഫൽഗുനൻ, സുഗുണൻ, രഘുനാഥ്, പരേതരായ പ്രദീപൻ, രാജു.

അനുശോചിച്ച് മുഖ്യമന്ത്രിയും നേതാക്കളും

ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെകെ നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോനമറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റ് വാങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെകെ നാരായണൻ. ജനപ്രതിനിധി എന്ന നിലയിലും സഹകാരി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഇടപെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

നിയമസഭയിൽ ധർമടം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌ത അദ്ദേഹം മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സജീവമായ ഇടപെടലാണ് നടത്തിയിരുന്നത്. പാർട്ടിയുടെ ഉപരി കമ്മിറ്റികളിൽ നിന്ന് ഒഴിവായ ശേഷവും നാട്ടിലെ പൊതു വിഷയങ്ങളിൽ ഇടപെടാനും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനും ആരോഗ്യപ്രശ്‌നങ്ങൾ മറന്ന് കൊണ്ട് പോലും കെ കെ നാരായണൻ സന്നദ്ധനായിരുന്നു.

ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഖാവ് കെ കെ നാരായണൻ്റെ വേർപാടിൽ കുടുംബത്തെയും പാർട്ടി സഖാക്കളെയും അനുശോചനം അറിയിക്കുന്നു.

മുന്‍ എംഎല്‍എ കെകെ നാരായണൻ്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സാമാജികന്‍, സഹകാരി എന്നി നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവച്ചു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന കെകെ നാരായണന്‍ സൗമ്യനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുന്‍ എംഎല്‍എ കെകെ നാരായണൻ്റെ മരണത്തിൽ കെ സുധാകരൻ എംപി അനുശോചിച്ചു. നിയമസഭാ സാമാജികന്‍ എന്ന നിലയിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ മാതൃകാപരമായി നിർവഹിച്ചിരുന്ന കെകെ നാരായണൻ രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധം എക്കാലവും സൂക്ഷിച്ചിരുന്ന നേതാവായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സഹകാരി എന്നിങ്ങനെ വ്യത്യസ്‌ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെകെ നാരായണനെന്നും കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.