മുൻ എംഎൽഎ എം മുരളി അന്തരിച്ചു

ആലപ്പുഴ : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൂന്ന് തവണ മാവേലിക്കര എംഎൽഎ ആയിരുന്നു.മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനാണ്. 1969-ൽ കെഎസ് യു അംഗമായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.മാവേലിക്കരയിൽ 1991 മുതൽ തുടർച്ചയായി നാല് (1996,2001,2006) തവണ വിജയിച്ച മുരളി മണ്ഡലത്തിൽ കോൺഗ്രസിനെ വിജയിപ്പിച്ച ഏക നേതാവായിരുന്നു. സംവരണ മണ്ഡലമായപ്പോഴാണ് അദ്ദേഹം അവിടെ നിന്നും മാറിയത്. 2011ൽ കായംകുളത്തും 2021 ൽ ചെങ്ങന്നൂരിലും പരാജയപ്പെട്ടു.
കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്,യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദേവസ്വംബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.