ജനകീയ പ്രക്ഷോഭം അടിച്ചമർത്തി: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിൽ

ജനകീയ പ്രക്ഷോഭം അടിച്ചമർത്തി: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിൽ

photo:മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ വർഷം നടന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിൽ. ഇരുവരേയും സ്വന്തം വസതികളിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം കാഠ്മണ്ഡു ജില്ലാ പൊലീസ് റേഞ്ചിൽ എത്തിച്ചു. ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് നേപ്പാളിൽ ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങിയത്. ജെൻസി പ്രക്ഷോഭം എന്ന് അറിയപ്പെട്ട ഈ സമരം പിന്നീട് വലിയ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. രണ്ട് ദിവസത്തോളം നീണ്ട പ്രതിഷേധങ്ങളെ കനത്ത കൈയോടെയാണ് ഭരണകൂടം നേരിട്ടത്.പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ പൊലീസിൻ്റെയും സർക്കാരിൻ്റെയും ഭാഗത്തുനിന്നുണ്ടായ കർശന നടപടികളിൽ 72 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ ഈ സംഭവത്തെത്തുടർന്ന് കെ.പി ശർമ ഒലിക്ക് പ്രധാനമന്ത്രി പദം രാജിവയ്ക്കേണ്ടി വന്നു.

അറസ്റ്റിന് കാരണം കമ്മിഷൻ റിപ്പോർട്ട്

ഒലിയുടെ രാജിക്ക് പിന്നാലെ അധികാരത്തിൽ വന്ന ഇടക്കാല സർക്കാർ പ്രക്ഷോഭത്തിലെ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിച്ചിരുന്നു. കൊലപാതകങ്ങൾക്ക് കാരണക്കാർ കെ.പി ശർമ ഒലിയും അദ്ദേഹത്തിൻ്റെ ആഭ്യന്തരമന്ത്രിയും അന്നത്തെ മന്ത്രിസഭയുമാണെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ കമ്മിഷൻ സർക്കാരിനോട് ശിപാർശ ചെയ്തു.നേപ്പാളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറിയത്. നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് അറസ്റ്റ് നടപടികൾ. അധികാരമേറ്റയുടൻ പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ ബലേന്ദ്ര ഷായും ഒരു പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു.പുതിയ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കാനും ഒലി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചത്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ ഒലിക്കും ലേഖകിനും പരമാവധി 10 വർഷം വരെ തടവുശിക്ഷ നൽകാൻ ശിപാർശ ചെയ്തിരുന്നു. മുൻ സർക്കാരിലെ കൂടുതൽ മന്ത്രിമാർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് വിവരം.

പ്രതികാരമല്ലെന്ന് ആഭ്യന്തര മന്ത്രി

ഒലിയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്ന് പുതിയ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് എക്സിൽ കുറിച്ചു. മുൻ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നിയന്ത്രണത്തിലാക്കിയെന്നും ഇത് ആരോടുമുള്ള പ്രതികാര നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീതിയുടെ തുടക്കം മാത്രമാണിതെന്നും രാജ്യം പുതിയൊരു ദിശയിലേക്ക് നീങ്ങുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തൻ്റെ അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാണ് കെ.പി ശർമ ഒലിയുടെ ആരോപണം. ഭരണകൂടത്തിൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്തുമെന്ന് ഒലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കാഠ്മണ്ഡു വാലി പൊലീസ് അറിയിച്ചു.


https://www.worldm.news/global/balan-shah-sworn-in-as--24001