മൂന്നരകോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍ കൈവശംവച്ച നാലുപേർ അറസ്റ്റില്‍

മൂന്നരകോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍ കൈവശംവച്ച നാലുപേർ അറസ്റ്റില്‍

ന്യൂഡൽഹി: 3.5 കോടിയലധികം നിരോധിച്ച നോട്ടുകളുമായി നാല് പേർ അറസ്‌റ്റിൽ. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

ഹർഷ്(22), ടെക് ചന്ദ് താക്കൂർ(39), ലക്ഷ്യ(28), വിപിൻ കുമാർ(38) എന്നിവരെയാണ് അറസറ്റ് ചെയ്‌തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡബ്ല്യുപിഐഎയിൽ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്‌ഡിലാണ് ഷാലിമാർബാഗ് മെട്രോ സ്‌റ്റേഷൻ ഗേറ്റ് നമ്പർ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.

"ആർബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്സ് നിയമത്തിൻ്റെ ലംഘനം എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്", പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അസാധുവാക്കപ്പെട്ട നോട്ടുകൾ കൈവശം വയ്‌ക്കുന്നത് നിയവരുദ്ധമാണെന്ന് ഇവർക്ക് അറിയാം. ഇങ്ങനെ നിരോധിച്ച നോട്ടുകൾ കൈവശം വയ്‌ക്കുന്നതിന് ന്യായമായ ഒരു രേഖയോ കാരണമോ വേണം. എന്നാൽ ഇവരുടെ പക്കൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെട്ടന്ന് പണം സമ്പാദിക്കാനാണ് അവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

ഉത്തർ പ്രദേശിലെ ലഖ്‌നൗവിലും സമാനമായ സംഭവം നേരത്തെ നടന്നിട്ടുണ്ട്. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റി നൽകുന്ന സംഘത്തെയാണ് യുപി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 3.85 കോടിയുടെ പഴയ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംഘത്തിൽപ്പെട്ട നാലുപേരെ നേരത്തെ അറസറ്റ് ചെയ്‌തിരുന്നു. മറ്റുള്ള നാലു പേരെ പിന്നീടാണ് അറസ്‌റ്റ് ചെയ്‌തത്.

പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അറസ്‌റ്റിലായവർ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ ഈ റാക്കറ്റിന് കൈമാറുന്നവരാണെന്ന് അന്വേഷണം സംഘം പറഞ്ഞു. ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് നിരോധിത നോട്ടുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അതിർത്തി രാജ്യങ്ങളിലേക്കും ഇവ കടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എപ്പോഴെങ്കിലും മാറ്റിയെടുക്കാൻ അവസരം ലഭിക്കുമെന്നു കരുതി കുറഞ്ഞ വിലക്ക് ഇവ വാങ്ങി ശേഖരിക്കുന്നവരും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.