അംബർനാഥ് ഫ്ലൈ ഓവറിൽ കാർ ഇരുചക്ര വാഹനങ്ങളിലിടിച്ച് 4 മരണം, 3 പേർക്ക് പരിക്ക്

മുംബൈ : അംബർനാഥ് മേൽപ്പാലത്തിൽ കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് മറിഞ് നാല് പേർക്ക് ദാരുണാന്ത്യം.മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു .അംബർനാഥ് ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന പാലത്തിനുമുകളിലാണ് അപകടം നടന്നത് അംബർനാഥ് വെസ്റ്റിൽ നിന്ന് കിഴക്കോട്ട് പോകുകയായിരുന്ന ടാറ്റ നെക്സോൺ കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്ന് വരികയായിരുന്ന ഒന്നിലധികം മോട്ടോർസൈക്കിളുകളിൽ ഇടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ ഡ്രൈവർ ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നഗരസഭാ തെരഞ്ഞെടുപ്പിൽ ശിവസേന ശിന്ദേ വിഭാഗം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കിരൺ ചുബെയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.പ്രദേശവാസികൾ ഗ്ലാസ് പൊട്ടിച്ചാണ് കാറിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത് . അവർ നിലവിൽ വൈദ്യചികിത്സയിലാണ്.
ഡ്രൈവർക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതായും, തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അനിയന്ത്രിതമായി വേഗത കൂടി യതായും ദൃക്‌സാക്ഷികൾ പറയുന്നു . നാല് പേരുടെ മരണവും നാല് പേരുടെ പരിക്കുകളും അംബർനാഥ് പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ഷബ്ബീർ അഹമ്മദ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളെ ഉൽഹാസ്നഗർ സെൻട്രൽ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ ഡോംബിവ്‌ലിയിലെ ആശുപത്രിയിലേക്കും മാറ്റി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് .
കാർ ഡ്രൈവർ ലക്ഷ്മൺ ശിന്ദേ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നഗരസഭ കൗൺസിൽ ജീവനക്കാരൻ ചന്ദ്രകാന്ത് അൻസാരെ ,സുമിത്‌ചേലാനി ,ശൈലേഷ് യാദവ് എന്നിവരാണ് മരണപ്പെട്ടത് .കാറിലുണ്ടായിരുന്ന കിരൺ ചുബെ ,അമിത് ,അഭിഷേക് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ് .