ഗുണ്ടാനേതാവ് അതുൽ വധo: മണിക്കൂറുകൾക്കകം നാല് പേർ പിടിയിൽ

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുല്‍ കൊലപാതകത്തില്‍ കേസെടുത്ത് പൊലീസ്. മൂന്നുപേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍, ഹുസ്സൈന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു.ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പൊലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകം
രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി പുതിയകാവു ഭാഗത്തുവച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാറിൽ പിന്തുടർന്നെത്തിയ അഞ്ചംഗ ഗുണ്ടാസംഘം അതുലും കൂട്ടുപ്രതി മനുവും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡ് നിർമാണം നടക്കുന്ന ഭാഗത്തെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. തുടർന്ന് മാരകായുധങ്ങളുമായി കാറിൽനിന്ന് ചാടിയിറങ്ങിയ നാലംഗ സംഘം അതുലിനെയും മനുവിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ വെട്ടുകളാണ് അതുലിൻ്റെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്ന മനു ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ വലയിൽ
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതികൾ വലയിലായി. ശാസ്താംകോട്ട ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ സഹായിച്ച രണ്ടുപേരെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടുപേരെ ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ ജില്ല വിട്ടുപോകാൻ ശ്രമിക്കാതെ കരുനാഗപ്പള്ളി പ്രദേശത്തുതന്നെ തുടർന്നത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി.

കുടിപ്പകയും വൈരാഗ്യവും
ഓച്ചിറ വായനകം, കരുനാഗപ്പള്ളി കടത്തൂർ എന്നീ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വായനകം സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട അലുവ അതുൽ. ജിം സന്തോഷിനെ മാതാവിൻ്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി മടങ്ങുന്ന വഴി കടത്തൂർ സംഘത്തിലെ രണ്ടുപേരെ അതുലും കൂട്ടാളികളും ആക്രമിച്ചിരുന്നു. സന്തോഷ് വധക്കേസിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വൈരാഗ്യത്തിൻ്റെ പേരിൽ കടത്തൂർ സംഘം അതുലിനെ കൊലപ്പെടുത്തിയത്. അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പൊലീസ് അന്വേഷണം കർശനം
ജയിലിൽനിന്ന് പുറത്തിറങ്ങുന്ന അതുലിന് വധഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നെങ്കിലും ശ്രദ്ധ മാറിയ ചെറിയ സമയത്താണ് ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ച പൊലീസ് ഉടൻ തന്നെ അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഉപയോഗിച്ചിരുന്ന ചില വാഹനങ്ങളും മറ്റ് അനുബന്ധ തെളിവുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച പ്രധാന വാഹനം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവിൽ ജില്ലയുടെ അതിർത്തികളെല്ലാം പൂർണമായും അടച്ചിരിക്കുകയാണ്. സംസ്ഥാന അതിർത്തികളിലും അലർട്ട് നൽകി പരിശോധന കർശനമാക്കി. എറണാകുളം ഉൾപ്പെടെയുള്ള റേഞ്ചുകളിലും സമീപ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇത്തരം ഗുണ്ടാ ആക്രമണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ശക്തമായ നടപടികളുണ്ടാകുമെന്നും ഒരു തരത്തിലുള്ള അനുകമ്പയും കാണിക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.