കൊച്ചി രൂപതയുടെ ബിഷപ്പായി ഫാ. ആൻ്റണി കാട്ടിപറമ്പിലിനെ നിയമിച്ചു.

കൊച്ചി രൂപതയുടെ ബിഷപ്പായി ഫാ. ആൻ്റണി കാട്ടിപറമ്പിലിനെ  നിയമിച്ചു.

എറണാകുളം:  പത്തൊമ്പത്  മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി രൂപതയ്ക്ക് പുതിയ ഇടയനെ ലഭിച്ചു. രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ആൻ്റണി കാട്ടിപറമ്പിലിനെ (55) കൊച്ചി രൂപതയുടെ ബിഷപ്പായി  ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യൻ സമയം 3.30 ന്) വത്തിക്കാനിൽ ഔദ്യോഗിക പ്രഖ്യാപനം നടന്നു.രഹസ്യ സ്വഭാവമുള്ള സഭാ ചടങ്ങുകൾക്ക് ശേഷമാണ് പുതിയ ഇടയൻ ആരെന്ന് വിശ്വാസികൾ അറിഞ്ഞത്. പ്രഖ്യാപനത്തിന് പിന്നാലെ ഫോർട്ട് കൊച്ചി ബിഷപ്പ്‌സ് ഹൗസിലെ ചാപ്പലിൽ പ്രത്യേക ചടങ്ങുകൾ നടന്നു. വരാപ്പുഴ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെയും മറ്റ് ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ, കൊച്ചി രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജെയിംസ് റാഫേൽ ആനാ പറമ്പിൽ പുതിയ ബിഷപ്പിൻ്റെ പേര് പ്രഖ്യാപിക്കുകയും സ്ഥാനീയ ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്തു.കൊച്ചി രൂപത മുൻ മെത്രാൻ മോസ്റ്റ് റവ. ഡോ. ജോസഫ് കരിയിൽ 2024 മാർച്ച് 2 ന് വിരമിച്ചതിനെ തുടർന്നാണ് രൂപത അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായത്. ഈ 19 മാസക്കാലം രൂപതയുടെ ഭരണപരമായ കാര്യങ്ങൾ താൽക്കാലിക ചുമതലയിൽ നടക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 2024 ഒക്ടോബർ നാല് വരെ വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശ്ശേരി അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു. ബിഷപ്പ് നിയമനം വൈകിയതോടെ ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ജെയിംസ് റാഫേൽ ആനാ പറമ്പിലിനെ മാർപാപ്പ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയായിരുന്നു.1970 ഒക്ടോബർ 14 ന് മുണ്ടംവേലിയിൽ ജനിച്ച ഫാ. ആൻ്റണി കാട്ടിപറമ്പിൽ മുണ്ടംവേലിയിലെ സെൻ്റ് ലൂയിസ് പള്ളി ഇടവകാംഗമാണ്. പരേതരായ ജേക്കബിൻ്റെയും ട്രീസയുടെയും ഏഴ് മക്കളിൽ ഇളയവനാണ് അദ്ദേഹം. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും ആ​ലു​വ​യി​ലെ സെൻ്റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും നേ​ടി​യിട്ടുണ്ട്. നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാ. ആൻ്റണി, നിയമന പ്രഖ്യാപനത്തോടെ രൂപതയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും.