ഫ്രൈഡ് ചിക്കൻ വൈകി; ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ

ഫ്രൈഡ് ചിക്കൻ വൈകി; ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ

കാസർകോട്: ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കൻ ലഭിക്കാൻ വൈകിയെന്നാരോപിച്ച് തൃക്കരിപ്പൂരിലെ ഹോട്ടലിന് നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി തൃക്കരിപ്പൂരിലെ 'പോഗോ' ഹോട്ടലിലാണ് സംഭവം. പയ്യന്നൂർ സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് ഹോട്ടൽ ഉടമ പരാതിപ്പെട്ടു.

ഹോട്ടലിലെത്തിയ യുവാക്കൾ ഫ്രൈഡ് ചിക്കൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തയ്യാറാക്കാൻ അല്പം സമയം എടുക്കുമെന്നും 20 മിനിറ്റ് കാത്തിരിക്കണമെന്നും ജീവനക്കാർ അറിയിച്ചു. എന്നാൽ 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യുവാക്കൾ അക്ഷമരാവുകയും ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.വാക്കുതർക്കം രൂക്ഷമായതോടെ ഹോട്ടലുടമ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യുവാക്കൾ വീണ്ടും ഹോട്ടലിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോട്ടലിലെ ഉപകരണങ്ങളും ഫർണിച്ചറുകളും സംഘം തല്ലിത്തകർത്തു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.