മദ്യപാനത്തിനിടയിൽ ബീഡിനൽകിയില്ല :സുഹൃത്തിനെ 3പേർചേർന്ന് കൊലപ്പെടുത്തി

റായ്‌പൂർ: മദ്യസേവയ്ക്കിടയിൽ ബീഡി നൽകാത്തതിൻ്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. ഛത്തീസ്‌ഗണ്ഡിലെ അഭൻപൂരിൽ അംനേർ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സോനു പാൽ (26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമിത് ബന്ദേ (26), അജയ് റാത്രെ (24), ഗുൽഷൻ ഗെയ്‌ക്‌വാദ് (26) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.അംനേർ ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ യുവാവിൻ്റെ മൃതദേഹം കിടക്കുന്നതിൻ്റെ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ പ്രദേശവാസികളെ ചോദ്യം ചെയ്യുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു എന്ന് റായ്‌പൂർ (റൂറൽ) അഡീഷണൽ എസ്‌പി കീർത്തൻ റാത്തോഡ് പറഞ്ഞു.ഒരു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത് എന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു. പ്രതികൾ അഭൻപൂർ നിവാസികളാണ്. 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം മൂവർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു.