നടി ഗൗരികിഷനെ പിന്തുണച്ച്‌ സുപ്രിയമേനോൻ : സാമൂഹ്യമാധ്യമത്തിൽ ചർച്ച പുരോഗമിക്കുന്നു

നടി  ഗൗരികിഷനെ പിന്തുണച്ച്‌ സുപ്രിയമേനോൻ : സാമൂഹ്യമാധ്യമത്തിൽ ചർച്ച പുരോഗമിക്കുന്നു

 പുതിയ തമിഴ് ചിത്രമായ ‘അദേഴ്‌സ്’-ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ, തന്നെ ബോഡിഷെയ്മിങ് ചെയ്ത യൂട്യൂബർക്ക് നടി  ഗൗരി കിഷൻ നൽകിയ ചുട്ട മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ സുപ്രിയ മേനോൻ ഗൗരിക്ക് പരസ്യമായി പിന്തുണ അറിയിച്ചതോടെ സംഭവം കൂടുതൽ ചർച്ചാ വിഷയമായി.

“ജേണലിസത്തിൻ്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ? അവർക്ക് ചുട്ട മറുപടി നൽകിയതിൽ അഭിനന്ദനം”. ഗൗരി കിഷന് പിന്തുണ അറിയിച്ചുകൊണ്ട് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലുടെ കുറിച്ചു. 

പ്രസ് മീറ്റിനിടെ ഗൗരിയുടെ ഭാരം എത്രയാണെന്ന്  സിനിമയിലെ നായകനോട് ചോദിച്ചതാണ് നായികയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി തിരിച്ചു ചോദിച്ചു. ഇതിനെത്തുടർന്ന് പ്രസ് മീറ്റിൽ പങ്കെടുത്ത മറ്റ് മാധ്യമപ്രവർത്തകർ നടിക്കെതിരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള ഈ ‌കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.താൻ ചോദിച്ച ചോദ്യത്തിൽ തെറ്റില്ലെന്നും, സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും ബോഡിഷെയ്മിങ് നടത്തിയ യൂട്യൂബർ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന ഭാഗമുണ്ട്. ഈ രംഗം ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. എന്നാൽ, ഈ ചോദ്യം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതും ബോഡിഷെയ്മിങ് ഉദ്ദേശിച്ചുള്ളതുമാണെന്ന് നടി ശക്തമായി പ്രതികരിച്ചു. മാത്രമല്ല, താങ്കൾ ഇപ്പോൾ ചെയ്യുന്നത് ജേണലിസമല്ലെന്നും ഗൗരി കിഷൻ മാധ്യമപ്രവർത്തകനോട് തുറന്നടിച്ചു.

ബോഡിഷെയ്മിങ് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ ഗൗരി കിഷന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. അതേസമയം, പ്രസ് മീറ്റിൽ നടിക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമണമുണ്ടായിട്ടും, അപ്പോൾ ഗൗരിയെ പിന്തുണയ്ക്കാതിരുന്ന സംവിധായകനും നായകനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.