"ജനാധിപത്യത്തിൻ്റെ നാല് തൂണുകളുംഅഴിമതി നിറഞ്ഞതും മൂല്യങ്ങളില്ലാത്തതുമായിരിക്കുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ സ്വയം വിശ്വഗുരു എന്ന് വിളിക്കാൻ കഴിയും ?": ഗീതാഞ്ജലി ആങ്മോ

"ജനാധിപത്യത്തിൻ്റെ നാല് തൂണുകളുംഅഴിമതി നിറഞ്ഞതും മൂല്യങ്ങളില്ലാത്തതുമായിരിക്കുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ സ്വയം വിശ്വഗുരു എന്ന് വിളിക്കാൻ കഴിയും ?": ഗീതാഞ്ജലി ആങ്മോ

ജയ്‌പൂര്‍: സര്‍ക്കാറിനെതിരെ രോഷംപ്രകടിപ്പിച്ച്  കാലാവസ്ഥാ പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. ജനാധിപത്യത്തിൻ്റെ നാല് തൂണുകളും "അഴിമതി നിറഞ്ഞതും മൂല്യങ്ങളില്ലാത്തതു"മായിരിക്കുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ സ്വയം "വിശ്വഗുരു" എന്ന് വിളിക്കാൻ കഴിയുമെന്ന് അവര്‍ ചോദിച്ചു. ലഡാക്കിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഭര്‍ത്താവിനെ സന്ദര്‍ശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗീതാഞ്ജലി ആങ്മോയുടെ പ്രതികരണം.സോനം വാങ്ചുക്കിനെ പാര്‍പ്പിച്ചിരിക്കുന്ന ജോധ്പൂർ സെൻട്രൽ ജയിലില്‍ ഇതു രണ്ടാം തവണയാണ് ഗീതാഞ്ജലി എത്തുന്നത്. ആദ്യ സന്ദർശനത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണിത്. സോനം വാങ്ചുക്കിന് കുട്ടികളുടെ ഒരു എൻസൈക്ലോപീഡിയ നല്‍കിയതായി അവര്‍ പറഞ്ഞു. ഈ കാലയളവിൽ എല്ലാവരും നല്‍കിയ പിന്തുണയ്ക്ക് തൻ്റെ ഭർത്താവ് നന്ദിയുള്ളവനാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.

എല്ലാ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥന്മാരും, അഭിഭാഷകരും, ജഡ്‌ജിമാരും, റിപ്പോർട്ടർമാരും, പ്രൊഫഷണലുകളും ആത്മാർഥതയുള്ളവരും നിസ്വാർത്ഥരുമായ ഒരു രാജ്യമായി ഇന്ത്യയ്ക്ക് എങ്ങനെ മാറാൻ കഴിയുമെന്നും അവർ ചോദ്യമുന്നയിച്ചു. സോനം വാങ്ചുക്കിൻ്റെ മൂത്ത സഹോദരൻ ത്സെറ്റൻ ഡോർജെ ലേയും അഭിഭാഷകൻ മുസ്‌തഫ ഹാജിയും പ്രത്യേക അനുമതിയോടെ നേരത്തെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു .സോനം വാങ്ചുക്കിനെ കാണാനെത്തിയ സിക്കാറിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എംപിയായ അമരാറാമിനും പ്രതിനിധി സംഘത്തിനും  കാണാൻ അനുമതി ലഭിച്ചില്ല. ലഡാക്കിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് എംപി ആരോപിച്ചു. വാങ്ചുകിൻ്റെ തടവ് സർക്കാരിൻ്റെ "അടിച്ചമർത്തൽ" ആണെന്ന് എംപി വിശേഷിപ്പിച്ചു.സംസ്ഥാന പദവിക്കും കേന്ദ്രഭരണ പ്രദേശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുമായി ലഡാക്കിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത്. എന്‍എസ്എ നിയമപ്രകാരമാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. പ്രതിഷേധത്തിനിടെ നാല് പേർ കൊല്ലപ്പെടുകയും 90-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.