സിപിഎം സ്ഥാനാർഥികൾക്ക് സ്വന്തം ചിഹ്നമില്ല; മത്സരിക്കുന്നത് 'ഗ്ലാസ്' ചിഹ്നത്തിൽ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നഗരസഭയിലെ ഭൂരിഭാഗം ഡിവിഷനുകളിലും സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്നത് മുന്നണിയിലെ ഘടകകക്ഷിയായ നാഷണൽ സെക്യുലർ കോൺഫറൻസിൻ്റെ ഗ്ലാസ് ചിഹ്നത്തിൽ . സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ ജനവിധിതേടുന്നത് ഇവിടെ പാർട്ടിചിഹ്നത്തിലല്ല . കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിൻ്റെ പാർട്ടിയായ നാഷണൽ സെക്യുലർ കോൺഫറൻസിൻ്റെ (എൻഎസ്‌സി) ഔദ്യോഗിക ചിഹ്നമാണ് 'ഗ്ലാസ്. ' ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ ഈ പാർട്ടിയുടെ ചിഹ്നത്തിലാണ് കൊടുവള്ളിയിലെ സിപിഎം സ്ഥാനാർഥികളിൽ ഭൂരിഭാഗവും മത്സരിക്കുന്നത്.നഗരസഭയിലെ 37 വാർഡുകളിൽ 28 എണ്ണത്തിലും എൽഡിഎഫ് സ്ഥാനാർഥികൾ എൻഎസ്‌സിയുടെ പേരിലാണ് മത്സരിക്കുന്നത്. സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കളത്തിങ്ങൽ ജമീല, സിപിഎം ബ്രാഞ്ച് സെക്രട്ടറി ടികെ അത്തിയത്ത്, ഡിവൈഎഫ്ഐ നേതാവ് എംകെ ഷെബിൻ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഗ്ലാസ് ചിഹ്നത്തിൽ മത്സരിക്കുന്നത്. സിപിഎമ്മിൻ്റെ ആകെ 18 സ്ഥാനാർഥികളിൽ ആറുപേർ മാത്രമാണ് ഇത്തവണ പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുന്നത്.കൊടുവള്ളി നഗരസഭയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് സ്ഥാനാർഥിയായ ടികെ അത്തിയത്ത് അടക്കമുള്ളവരും പാർട്ടി നേതാക്കളും വ്യക്തമാക്കുന്നത്. മുസ്‌ലിം ലീഗ് ശക്തികേന്ദ്രമായ ഇവിടെ ലീഗ് വിമതരുടെ വോട്ടുകൾ കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് എൽഡിഎഫിനുള്ളത്. മാറാനുറച്ച് കൊടുവള്ളി എന്നതാണ് എൽഡിഎഫിൻ്റെ ഇത്തവണത്തെ മുദ്രാവാക്യം. സ്വതന്ത്ര സ്ഥാനാർഥികളടക്കമുള്ളവർക്ക് ഒരേ ചിഹ്‌നം ലഭ്യമാക്കാനാണ് ഈ നീക്കം നടത്തിയതെന്ന് എൽഡിഎഫ് നേതൃത്വം വിശദീകരിക്കുന്നു.
ഐഎൻഎല്ലിൽ നിന്ന് വേർപിരിഞ്ഞെത്തിയ നാഷണൽ ലീഗുകാരായ എൻഎസ്‌സി 14 സീറ്റുകളിലാണ് സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ജനതാദൾ എസ് ജില്ലാ പ്രസിഡൻ്റ് മാത്തോലത്ത് അബ്‌ദുല്ലയും ഗ്ലാസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. അതേസമയം രണ്ട് സിപിഐ സ്ഥാനാർഥികളും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഇവർക്ക് പാർട്ടി ചിഹ്നമായ അരിവാൾ നെൽക്കതിർ മാറ്റി കുട ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്.
ചിഹ്നം മാത്രമല്ല സ്വന്തം പാർട്ടിയെത്തന്നെ മറച്ചുപിടിച്ചാണ് സിപിഎം കൊടുവള്ളിയിൽ വോട്ട് തേടുന്നതെന്നാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളും യുഡിഎഫ് നേതാക്കളും പ്രചാരണത്തിൽ ആരോപിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളിയിൽ സ്വന്തം ചിഹ്നം ഒഴിവാക്കി ലീഗ് വോട്ടുകൾ പെട്ടിയിലാക്കാനുള്ള ഇടതുതന്ത്രം വിജയിക്കുമോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ അറിയാനാകൂ. പിടിഎ റഹീമിൻ്റെ പാർട്ടിക്കുള്ള പിന്തുണയിൽ എന്തു മാറ്റം വരും എന്നതും ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
കൊടുവള്ളിയോട് ചേർന്നു കിടക്കുന്ന കിഴക്കോത്ത് പഞ്ചായത്തിലും സമാനമായ സാഹചര്യമാണുള്ളത്. ഇവിടെയുള്ള 20 വാർഡുകളിൽ 19 ഇടത്തും എൽഡിഎഫ് സ്ഥാനാർഥികൾ സ്വതന്ത്ര പരിവേഷത്തിലാണ് മത്സരിക്കുന്നത്. ഒരിടത്ത് മാത്രമാണ് സിപിഎം സ്ഥാനാർഥി സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നുപേർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് കിഴക്കോത്ത്.