ഗ്യാനേഷ് കുമാറിനെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങളും കരിങ്കൊടി പ്രതിഷേധവും

കൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ക്ഷേത്ര സന്ദർശന വേളയിൽ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങളും കരിങ്കൊടി പ്രതിഷേധവും. തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത് എന്നാണ് ആരോപണം. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം സന്ദർശിച്ച സമയത്താണ് പ്രതിഷേധം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ക്ഷേത്രം ദർശനം പൂർത്തിയാക്കാൻ സാധിച്ചു.എല്ലാ രേഖകളും സമർപ്പിച്ചിട്ടും എന്തുകൊണ്ടാണ് പേരുകൾ ഒഴിവാക്കിയതെന്നും ബിജെപിയുടെ നിർദ്ദേശ പ്രകാരമാണ് ഗ്യാനേഷ് കുമാർ എസ്‌ഐആറിൻ്റെ അന്തിമ പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഞായറാഴ്‌ച രാത്രി വിമാനത്താവളത്തിന് സമീപം ഗ്യാനേഷ് കുമാറിൻ്റെ വാഹനവ്യൂഹത്തിന് പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ "ഗോ ബാക്ക്" മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരും അനുയായികളും വിഐപി റോഡിൽ പ്രതിഷേധിക്കുകയും ചെയ്‌തു.പ്രതിഷേധം രൂക്ഷമാകുന്നത് തടയാൻ സ്ഥിതിഗതികൾ കർശനമായി കൈകാര്യം ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്യാനേഷ് കുമാറിൻ്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടികൾ, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ, മുതിർന്ന ഭരണ ഉദ്യോഗസ്ഥർ എന്നിവരുമായി ഗ്യാനേഷ് കുമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും യോഗങ്ങളിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന ചുമതല, സേന വിന്യാസ ആസൂത്രണം, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ തമ്മിലുള്ള ഏകോപനം തുടങ്ങി നിരവധി വിഷയങ്ങളിൽ ചർച്ചകളും അവലോകനങ്ങളും നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ആഭ്യന്തര വകുപ്പ്, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി രാഷ്ട്രീയ പാർട്ടികൾ, ബിഎൽഒമാർ, നോഡൽ ഏജൻസികൾ തുടങ്ങിയവരുമായും ചർച്ച നടത്തും.സന്ദർശനത്തിൻ്റെ അവസാന ദിവസമായ ചൊവ്വാഴ്‌ച, ചീഫ് ഇലക്‌ടറൽ ഓഫീസർ (സിഇഒ) മനോജ് കുമാർ അഗർവാളുമായും സിഎപിഎഫ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്‌ച നടത്തും. നഗരം വിടുന്നതിനുമുമ്പ് ഗ്യാനേഷ് കുമാറും സംഘവും ബൂത്ത് ലെവൽ ഓഫീസർമാരുമായി സംവദിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്യും. പത്ര സമ്മേളനത്തിൽ, ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.