സ്വർണമോ വെള്ളിയോ ,ആരാണ് മുന്നിൽ?

സ്വർണമോ വെള്ളിയോ ,ആരാണ് മുന്നിൽ?

തിരുവനന്തപുരം : ആഗോള തലത്തിൽ ഈ വര്‍ഷം സ്വര്‍ണം അസാധാരണമായി വിലക്കുതിച്ചുയര്‍ന്നിരുന്നു. അന്തരാഷ്‌ട്ര തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രധാനമായും സ്വര്‍ണ വിലയും സ്വാധീനിച്ചിരുന്നത്. ഈ വർഷം മാത്രം സ്വർണ വിലയില്‍ 60 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍.അതേസമയം, സ്വര്‍ണത്തേക്കാള്‍ ഈ വര്‍ഷം വില വര്‍ധിച്ചത് വെള്ളിക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണത്തിന് 60 ശതമാനമെങ്കില്‍ അതിൻ്റെ ഇരട്ടി വര്‍ധനവാണ് വെള്ളിക്ക് ഉണ്ടായത്. മൂല്യമേറിയ ലോഹം സ്വര്‍ണമാണെങ്കില്‍ വില മാറ്റത്തില്‍ ഉണ്ടായ വര്‍ധനവ് പ്രകാരം വെള്ളിയാണ് മുന്നില്‍.

എല്ലാവരും സ്വര്‍ണത്തിന് പിറകെ പോയപ്പോള്‍ വെള്ളിക്ക് അതിലേറെ മൂല്യം കൂടിയിട്ടുണ്ടെന്നാണ് ചുരുക്കം. 1979 ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും വില കുതിക്കുന്നതെന്ന് ലോക സ്വർണ കൗൺസിലിൻ്റെ കണക്കുകൾ പറയുന്നത്. കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ വർധിച്ചതും സോവറിൻ ബോണ്ടുകളിൽ നിന്നുള്ള നിക്ഷേപകരുടെ പിൻവാങ്ങലുമാണ് ഇതിന് കാരണമെന്നും കൗൺസിൽ പറയുന്നു. തന്നെയുമല്ല യുഎസ്‌ ഫെഡ് നിരക്കുകൾ കുറച്ചതും വെള്ളിക്ക് വില ഉയരുന്നതിന് കാരണമായി.

സ്വർണ വിലയിലെ കുതിപ്പിനിടയിൽ വെള്ളിവില നിലവിലെ തോതിൽ നിന്ന് 2 ശതമാനം ഉയർന്ന് കിലോയ്‌ക്ക് 1,92,000 രൂപ എന്ന പുതിയ റെക്കോർഡ് വിലയിൽ എത്തി. ഇന്നലെ സ്‌പോട്ട് വെള്ളിവില 108 ശതമാനത്തിലധികമാണ് ഉയർന്നത്. അതേ സമയം ഈ വർഷം ഇതുവരെ 68 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷം സ്‌പോട്ട് വെള്ളി വില കിലോയ്‌ക്ക് 85,851 രൂപ ആയിരുന്നു. ഈ വർഷം ഡിസംബർ ഒൻപതിന് കിലോയ്ക്ക് 1,78,861 രൂപ ആയിരുന്നു വെള്ളിയുടെ വില.

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ നേരിയ വർധനവ്. രാവിലത്തെ സ്വർണവിലയിൽ നിന്ന് വീണ്ടും കുതിച്ചിരിക്കുന്നു. ഉച്ചയ്‌ക്ക് ശേഷം ഒരു ഗ്രാമിന് 50 രൂപ വർധിച്ച് 11,985 രൂപ ആയി. ഒരു പവന് 95,880 രൂപയാണ്. രാവിലെ ഗ്രാമിന് 11,935 രൂപയായിരുന്നു. ഒരു പവന് 95,480 രൂപയും.18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,885 രൂപയും ഒരു പവന് 78,840 രൂപയുമാണ്. പതിനാല് കാരറ്റ് സ്വർണവില ഒരു ഗ്രാമിന് 7,675 രൂപ ആയപ്പോൾ ഒരു പവന് 61,400 രൂപയായി. രാവിലെ 18 കാരറ്റ് സ്വർണം ഒരു പവന് 61,160 രൂപയായിരുന്നു.

ഒൻപത് കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 4,955 രൂപയും ഒരു പവൻ സ്വർണത്തിന് 39,640 രൂപയുമായി. ഇത്തരത്തിൽ സ്വർണ വില ഇപ്പോൾ 1.3 ലക്ഷം രൂപയ്‌ക്ക് മുകളിലേയ്‌ക്കാണ് ഉയർന്നിരിക്കുന്നത്.

കേരളത്തിലെ ഇന്നത്തെ  വെള്ളി നിരക്കുകൾ :

ഒരു ഗ്രാം വെള്ളി: 209 രൂപ

10 ഗ്രാം വെള്ളി: 2,090 രൂപ

100 ഗ്രാം വെള്ളി: 20,900 രൂപ

ഒരു കിലോഗ്രാം വെള്ളി: 2,09,000 രൂപ