സ്വർണകൊള്ള : ഇഡി ശബരിമലയിലേയ്ക്ക്

പത്തനംതിട്ട: ശബരിമല സ്വർണകൊള്ളക്കേസ് പുതിയ ദിശയിലേക്ക്. സംഭവത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇ ഡി) അന്വേഷണം ഏറ്റെടുക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇ ഡി വിഷയത്തിൽ ഇടപെടുന്നത്. ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കും. ഇതിൻ്റെ ഭാഗമായി ഉടൻതന്നെ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിൻ്റെ സ്വർണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വർണം പതിപ്പിച്ച പാളികൾ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒൻപത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
ശബരിമല ശ്രീകോവിൽ വാതിൽ സ്വർണം പൂശാൻ വഴിപാടായി സ്വർണം നൽകിയ കർണാടക ബെല്ലാരി സ്വദേശിയും 'രോധാം' ജൂവലറി ഉടമയുമായ ഗോവർദ്ധൻ്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും . ദേവസ്വം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് ഗോവര്‍ദ്ധൻ്റെ പേരുള്ളത്.
ശബരിമല ശ്രീകോവിലിൻ്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ സ്വര്‍ണം വഴിപാടായി നല്‍കിയത് താനാണെന്ന് ഗോവര്‍ദ്ധന്‍ വെളിപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വര്‍ഷങ്ങളായി അറിയാം. 2012 ലോ 2013 ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ച് താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടതെന്നും ഗോവർദ്ധൻ പറയുന്നു. അയ്യപ്പ ഭക്തനായ താൻ 2000 കാലം മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്. 2018 നവംബറോടെയാണ് പുതിയ സ്വര്‍ണം പൂശിയ വാതില്‍ നിര്‍മിക്കാന്‍ തനിക്ക് അവസരം ലഭിച്ചത്. പണി പൂർത്തിയാക്കി 2019 മാര്‍ച്ചില്‍ സ്വര്‍ണം പൂശിയ വാതില്‍ അയ്യപ്പ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ ഉണ്ണികൃഷ്ണൻ പോറ്റി വഴി കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നും ഗോവർദ്ധൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, അറിയാവുന്ന എല്ലാ വിവരങ്ങളും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞു:
സ്വർണക്കൊള്ളക്കേസിൽ സമരപരിപാടികൾക്ക് തുടക്കം കുറിക്കാനെത്തിയ ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പമ്പയിൽ പൊലീസ് തടഞ്ഞു. പമ്പ ഗണപതി കോവിലിൽ നാമജപത്തിന് വന്നതെന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പൊലീസിനോട് പറഞ്ഞത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ വിലക്കുണ്ടെന്ന് അറിയിച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. പമ്പ ത്രിവേണി പാലത്തിനു സമീപംവെച്ചാണ് പ്രവർത്തകരെ തടഞ്ഞത്. ഇതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമര പരിപാടികൾക്ക് രൂപം നൽകുകയാണ്. ഇതിന് തുടക്കം കുറിക്കാനായാണ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ പമ്പ ഗണപതി കോവിലിൽ ദർശനത്തിനായി എത്തിയത്. ശബരിമലയുടെ പരിസര പ്രദേശങ്ങളിലുള്ള സ്ത്രീകൾ ഉൾപ്പെടെ വിശ്വാസികളുമായാണ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ പമ്പയിൽ എത്തിയത്.