സ്വർണവിലവീണ്ടും മുകളിലോട്ട് . ഒറ്റയടിക്ക് പവന് 2760 രൂപ കൂടി

സ്വർണവിലവീണ്ടും മുകളിലോട്ട് . ഒറ്റയടിക്ക് പവന് 2760 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഒറ്റയടിക്ക് പവന് 2760 രൂപ കൂടി 1,07,560 രൂപയായി. ഗ്രാമിന് 345 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,445 രൂപ നൽകണം.ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായിരുന്നു വിപണി നിരക്ക്. റെക്കോഡ് വേഗത്തിലാണ് സ്വർണവില കുതിച്ചുയരുന്നത്. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 11,050 രൂപയും പവന് 88,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8605 രൂപയും പവന് 68,840 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5550 രൂപയും പവന് 44,400 രൂപയുമാണ് വില. സ്വർണത്തോടൊപ്പം വെള്ളി വിലയിലും വലിയ വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 2500 രൂപയും നൽകണം.ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന് 4570 ഡോളറായി ഉയർന്നു. നേരത്തെ ഇത് 5100 ഡോളർ വരെ താഴ്ന്നിരുന്നു. അമേരിക്കൻ ഡോളർ സൂചിക 99.30 എന്ന നിരക്കിൽ തുടരുകയാണ്. ഇതിന് ആനുപാതികമായി രൂപയുടെ മൂല്യം 93.91 ആയി ഇടിഞ്ഞതും സ്വർണത്തിന് അനുകൂലമായി. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ബ്രെൻ്റ് ക്രൂഡ് ബാരലിന് 99 ഡോളറാണ് നിലവിലെ നിരക്ക്.

സ്വർണത്തിൻ്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോഴാണ് ഉപഭോക്താവ് നൽകേണ്ട അന്തിമ വില നിശ്ചയിക്കുന്നത്. ഓരോ ആഭരണത്തിൻ്റെയും ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ അഞ്ച് ശതമാനം മുതൽ വ്യത്യാസമുണ്ടാകും. ഇതനുസരിച്ച് ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ഏകദേശം 1.16 ലക്ഷം രൂപ ചെലവ് വരും. പഴയ സ്വർണം വിൽക്കുന്നവർക്ക് ഇന്നത്തെ നിരക്കനുസരിച്ച് 1.07 ലക്ഷം രൂപയ്ക്കടുത്ത് ലഭിക്കാൻ സാധ്യതയുണ്ട്. തങ്ക വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികൾ പഴയ സ്വർണം തിരിച്ചെടുക്കുന്നത്. സ്വർണവില അസ്ഥിരമായതിനാൽ വിൽക്കുന്ന സമയത്തെ നിരക്കുകളുടെ അടിസ്ഥാനത്തിലാകും മൂല്യം കണക്കാക്കുക. ഇത് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. ഇതിനിടയിലാണ് ഏവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും വില വർധനയുണ്ടായത്.