12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ : മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചെയർമാൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് 12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ആണ് ചെയർമാൻ. അഡ്വ എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവൃത്തിക്കും.
സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിർദേശിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കമ്മിഷൻ്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പ്രത്യേക ഉത്തരവ് ഉടൻ ഇറങ്ങും. അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നിരിക്കെ, ജീവനക്കാരെ പറ്റിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ പറഞ്ഞു.
ജനുവരി 29ലെ ബഡ്ജറ്റിലാണ് ശമ്പള പരിഷ്‌കരണ കമ്മിഷൻ രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. അതിനുശേഷം നാല് മന്ത്രിസഭായോഗങ്ങൾ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.