ഇൻഡോർ ദുരന്തം: 'വെള്ളത്തിന് പകരം സർക്കാർ വിഷംകൊടുത്തുവെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെ രാഹുൽ ഗാന്ധി ശക്തമായി വിമർശിച്ചു." ഈ ദുരന്തം ഭരണകൂടത്തിൻ്റെ അശ്രദ്ധയും പരാജയവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന്" അദ്ദേഹം പറഞ്ഞു."ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം. ബിജെപി സർക്കാർ വെള്ളത്തിന് പകരം വിഷമാണ് വിതരണം ചെയ്‌തതെന്നും" രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങൾ ദുഃഖത്തിലാണ്. ദരിദ്ര കുടുംബങ്ങൾക്ക് നിസഹായത അനുഭവപ്പെടുന്നുണ്ട്. എന്നാൽ സഹാനുഭൂതിക്ക് പകരം നേതാക്കളിൽ നിന്ന് വിവേചനരഹിതമായ പരാമർശങ്ങൾ അവർ കേൾക്കേണ്ടി വരികയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
"ഇൻഡോറിൽ വെള്ളത്തിന് പകരം വിഷം നൽകി. ഇപ്പോഴും കുംഭ കർണനെ പോലെ ഭരണകൂടം ഗാഢനിദ്രയിലാണ്. ബിജെപി നേതാക്കളിൽ നിന്ന് ധാർഷ്ട്യപരമായ പ്രസ്‌താവനകളാണ് ഉണ്ടാകുന്നത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം ആവശ്യമാണെന്നും " രാഹുൽ ഗാന്ധി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തെ കുറിച്ച് ജനങ്ങള്‍ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഭരണകൂടം നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെ കുടിവെള്ളത്തിൽ മലിനജലം കലർന്നു? ജലവിതരണം യഥാസമയം നിർത്തലാക്കാത്തത് എന്തുകൊണ്ട്? ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോഴാണ് നടപടി സ്വീകരിക്കുകയെന്നും? രാഹുൽ ഗാന്ധി ചോദിച്ചു.
ശുദ്ധജലം ഒരു ഔദാര്യമല്ല. അവകാശമാണ്. ഈ കൊലപാതകത്തിന് ബിജെപി സർക്കാരും അശ്രദ്ധമായ ഭരണകൂടവുമാണ് പൂർണമായും ഉത്തരവാദികളെന്ന് അദ്ദേഹം ആവർത്തിച്ചു. മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിൻ്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കഫ് സിറപ്പ് മൂലമുള്ള മരണങ്ങൾ, നവജാത ശിശുക്കളുടെ മരണം, ഇപ്പോൾ മലിനജലം കലർന്ന വെള്ളം കുടിച്ചതിനെത്തുടർന്നുള്ള മരണങ്ങൾ. ദരിദ്രർ മരിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി നിശബ്‌ദത പാലിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഇന്‍ഡോറില്‍ മലിനജല ദുരന്തമുണ്ടായത്. ദുരന്തത്തിന് കാരണം വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മാലിന്യമാണെന്നും ലാബ് പരിശോധനയില്‍ വ്യക്തമായി. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മലിന ജലം കുടിച്ച് ഒരാഴ്‌ചയ്‌ക്കുള്ളില്‍ 8 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200ലധികം പേര്‍ ആരോഗ്യ സ്ഥിതി മോശമായതിന് തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ് .സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) സ്വമേധയാ കേസെടുത്തു. മലിനജലം വിതരണം ചെയ്‌തതിൽ പ്രദേശവാസികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അധികൃതർ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മധ്യപ്രദേശ് ചീഫ് സെക്രട്ടറിയിൽ നിന്ന് രണ്ടാഴ്‌ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു..