ഐഎഫ്എഫ്കെ : കേന്ദ്രസര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍

 ഐഎഫ്എഫ്കെ : കേന്ദ്രസര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങളെല്ലാം  പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുപ്പതാമത്തെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുപ്പതാമത് രാജ്യന്തര ചലച്ചിത്രമേളയിലെ പാക്കേജിൽ ഉൾപ്പെട്ട സിനിമകളെ വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ. നിലവിൽ വിലക്ക് തുടരുന്ന 13 ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് നിർദേശം ലഭിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്  പറഞ്ഞു.

മേളയിലെ പാക്കേജിൽ ഉൾപ്പെട്ട 17 സിനിമകൾക്കാണ് കേന്ദ്രസർക്കാർ പ്രദർശന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇന്നു രാവിലെ നാല് സിനിമകളുടെ പ്രദർശന വിലക്ക് കേന്ദ്രം നീക്കിയിരുന്നു. ബാക്കിയുള്ള 13 സിനിമകളുടെ കാര്യത്തിൽ വ്യക്തത വരാത്ത സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. വിലക്ക് മാറ്റി ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന് തരത്തിലുള്ള പ്രതിഷേധങ്ങൾ ഐ എഫ് എഫ് കെ പരിസരത്ത് ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് സിനിമകൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരം വിലക്കിയ എല്ലാ ചിത്രങ്ങളും ഉടൻ ഷെഡ്യൂൾ ചെയ്യും എന്നും പ്രദർശനം തുടങ്ങുമെന്നും മധുപാൽ ഇ ടിവി ഭാരതിനോട് വ്യക്തമാക്കി.

ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു സിനിമകൾക്കും മുടക്കം വരാതെ പ്രദർശിപ്പിക്കുവാനാണ് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫീസിൽനിന്ന് നിർദ്ദേശം ലഭിച്ചതെന്ന് സി അജോയ് വിശദീകരിച്ചു.

അതേസമയം, മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചലച്ചിത്രങ്ങളുടെ പ്രദർശനം വിലക്കിയത് കേന്ദ്രസർക്കാരിലെ കീഴിലുള്ള ഐ ആൻഡ് ബി മിനിസ്ട്രിയാണ്. നിലവിൽ അവിടെനിന്നും പ്രദർശനം നടത്താനുള്ള സെൻസർ എക്സ്റ്റൻഷൻ ലഭിക്കാത്തതായിരുന്നു ചിത്രങ്ങള്‍ക്കുള്ള വിലക്കിനു കാരണം. എന്നാല്‍, 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രങ്ങള്‍ക്കും ബീഫ് എന്ന പേരു കൊണ്ട് മാത്രം തടയപ്പെട്ട സ്പാനിഷ് ചിത്രിവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്കിനെതിരേ പ്രതിഷേധം ശക്തമായത്.

കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ തകർക്കാൻ അനുവദിക്കില്ല: മന്ത്രി സജി ചെറിയാൻ

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ (IFFK) മുപ്പതാം എഡിഷനിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകൾക്ക് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ 'സെൻസർ ഇളവ്' (Censor Exemption) ലഭിക്കാത്തതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയിൽ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകി.കേരളത്തിന്‍റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന്മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന IFFK-യിൽ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുൻകൂർ ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുപ്പതാമത് IFFK-യിൽ മുടക്കമില്ലാതെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.അതേസമയം, കലാസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധവുമായി ചലച്ചിത്ര പ്രവർത്തകരും കൾച്ചറൽ ഫോറം വേദിയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലാണ് പ്രതിഷേധത്തിന്റെ അഗ്നി ജ്വലിച്ചത്. 17ലധികം ചിത്രങ്ങൾക്ക് ഐ എഫ് എഫ് കെ വേദിയിൽ പ്രദർശനാനുമതി നിഷേധിച്ചത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ ആണെന്ന് പ്രതിഷേധക്കാർ പറയുന്നു. തിരക്കഥാകൃത്തായ ആഷിക്, കൾച്ചറൽ ഫോറം പ്രവർത്തകരായ മണി, ബാലകൃഷ്ണൻ എന്നിവരാണ് പ്രതിഷേധവുമായി ടാഗോർ തിയേറ്റർ പരിസരത്ത്

നാലു ചിത്രങ്ങൾക്ക് മേളയിൽ പ്രദർശനാനുമതി ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ പതിനഞ്ചോളം ചിത്രങ്ങൾക്ക് ഇനിയും പ്രദർശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ചും കൾച്ചറൽ ഫോറം പ്രവർത്തകർ വിമർശനം ഉന്നയിച്ചു. കലയും ആസ്വാദനവും അടിമത്വമല്ല. ആർഎസ്എസിന്‍റെ അജണ്ടകൾ പ്രേക്ഷകർ തിരിച്ചറിയണമെന്നും പ്രതിഷേധക്കാരുടെ മുദ്രാവാക്യം.സിനിമയ്ക്കും കലയ്ക്കും നേരെയുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ചലച്ചിത്ര പ്രവർത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. വിഖ്യാത ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് വരാനിരിക്കുന്ന ഒരുപാട് ചലച്ചിത്രോത്സവങ്ങൾക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിന്റെ സൂചനയാണ്. വരുംവർഷങ്ങളിൽ ഇത്തരം പ്രവർത്തികൾ ശക്തിപ്പെടുമെന്നും കൾച്ചറൽ ഫോറം പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

ഫാസിസ്റ്റ് ശക്തികളുടെ അജണ്ട ഉൾക്കൊണ്ട് സിനിമകളും നോവലുകളും എഴുതേണ്ടി വരുന്ന കാലം വിദൂരമല്ല എന്നും പ്രവർത്തകർ പറയുന്നു. പ്രതിഷേധങ്ങൾക്ക് ഗുണം ലഭിച്ചാലും ലഭിച്ചില്ലെങ്കിലും പ്രതിഷേധിച്ച് മതിയാകൂ എന്നാണ് ഫോറം പ്രവർത്തകരുടെ വാദം. ജനങ്ങൾ ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ബോധവാന്മാരാകണം. അതിനു പ്രതിഷേധം തന്നെയാണ് യഥാർത്ഥ മാർഗം.

ഒരു ചലച്ചിത്ര പ്രവർത്തകൻ തന്‍റെ മനസ്സിലുള്ള കലാസൃഷ്ടി വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ അതിന് തടയിടുന്നത് ഭീകരമായ അവസ്ഥയാണ്. ക്ലാഷ് എന്ന ഒരുപാട് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ചിത്രമായിരുന്നു എന്നാൽ സിനിമ തടയിടപ്പെട്ടു. ഐ എഫ് എഫ് കെ യിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട പൊയറ്റിന്റെയും പ്രദർശനം തടഞ്ഞു. ചലച്ചിത്ര പ്രവർത്തകർ പ്രതികരിക്കുകയുണ്ടായി.



"മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും".
പിണറായി വിജയൻ