പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും: "നേരിട്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ സർക്കാർ പരോക്ഷമായി ചെയ്യുന്നു" :ബെവ്കോക്കെതിരെ ഹൈക്കോടതി

പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും: "നേരിട്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ സർക്കാർ പരോക്ഷമായി ചെയ്യുന്നു" :ബെവ്കോക്കെതിരെ ഹൈക്കോടതി

എറണാകുളം: പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച ബെവ്കോ നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു നടപടി മദ്യം ഉപയോഗിക്കാനുള്ള പ്രേരണയാകില്ലേയെന്ന് കോടതി ചോദിച്ചു. നേരിട്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ സർക്കാർ പരോക്ഷമായി ചെയ്യുകയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് കുറ്റപ്പെടുത്തി.ബെവ്കോയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട രണ്ടാമത്തെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരം നിരീക്ഷണങ്ങൾ നടത്തിയത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിനോട് മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു.

സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 55 എച്ച് പ്രകാരം മദ്യത്തിന്‍റെ നേരിട്ടുള്ളതോ അല്ലാതെയോ ഉള്ള പരസ്യങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് ബെവ്കോ നൽകിയ വാർത്താക്കുറിപ്പും പരസ്യവും പരോക്ഷമായ മദ്യപ്രചാരണമാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച മാധ്യമ വാർത്തകളും കോടതിയിൽ ഹാജരാക്കിയിരുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകാനുള്ള ബെവ്കോയുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു.കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ വിഷയത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം മത്സരങ്ങൾ നിയമവിരുദ്ധമാണെന്നും അതിനാൽ ബെവ്കോയുടെ നടപടി റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. കോടതിയുടെ ഇടപെടലോടെ സർക്കാരും ബെവ്കോയും വിഷയത്തിൽ വിശദമായ മറുപടി നൽകേണ്ടി വരും.

നേരത്തെ, പുതിയൊരു പ്രീമിയം ബ്രാൻഡി വിപണിയിലിറക്കുന്നതിന്‍റെ ഭാഗമായി അതിന് പേരും ലോഗോയും പൊതുജനങ്ങളിൽ നിന്ന് ക്ഷണിച്ച ബെവ്കോ നടപടി വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കുന്ന ഈ ബ്രാൻഡിക്ക് കേരളത്തിന്‍റെ തനിമയുള്ള പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായിരുന്നു അന്ന് വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ ജവാൻ റമ്മിന്‍റെ വിജയം ആവർത്തിക്കാനുള്ള ഈ നീക്കം സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കാണ് അന്ന് കാരണമായത്. വിഗ്രഹമോഷണക്കേസിലെ 'ഇറിഡിയം' പ്രയോഗങ്ങളും സിനിമാ ഡയലോഗുകളും ചേർത്ത് മലയാളികൾ ഈ നീക്കത്തെ ട്രോളുകൾ കൊണ്ട് നേരിട്ടത് അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പരോക്ഷമായ മദ്യപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഉണ്ടായതും ശ്രദ്ധേയമാണ്.