വി.ഡി. സതീശൻ്റെ 'പുനർജനി പദ്ധതി'യിൽ സിബിഐ അന്യേഷണത്തിന് സർക്കാർ നീക്കം

തിരുവനന്തപുരം, വയനാട്: പറവൂർ എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ നടപ്പിലാക്കിയ 'പുനർജനി' പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് സർക്കാർ നീക്കം. 2018-ലെ പ്രളയകാലത്ത് വിദേശത്തുനിന്ന് പണം പിരിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാരോപിച്ചാണ് നടപടി. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ റിപ്പോർട്ടുകൾ കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ് ആരോപിച്ചു.നേരത്തെ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി സംബന്ധിച്ച കാര്യമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത 11 മാസം മുമ്പ് നൽകിയ ശുപാർശയിൽ രണ്ട് പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതിൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം, സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ എംഎൽഎ വിദേശയാത്ര നടത്തി പണം സമാഹരിച്ചു എന്ന കണ്ടെത്തൽ എന്നിവ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടായതിനാൽ ഇത് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നായിരുന്നു യോഗേഷ് ഗുപ്ത സര്‍ക്കാരിനു നല്‍കിയ ശുപാർശ. ഏകദേശം ഒരു വർഷത്തോളം ഈ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്ന സർക്കാർ, ഇപ്പോൾ പെട്ടെന്ന് അന്വേഷണ നീക്കവുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നു കണ്ട് വിജിലന്‍സ് തന്നെ ഉപേക്ഷിച്ച കേസ് :
സിബിഐ അന്വേഷണത്തെ താന്‍ വ്യക്തിപരമായി നേരിടുമെന്നും കേസ് നിലനില്‍ക്കില്ലെന്നും പ്രിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതകരിച്ചു. താന്‍ കരുതുന്നത് ആ വാര്‍ത്ത ശരിയല്ലെന്നാണ്. കാരണം അങ്ങനെയൊരു കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ പറ്റില്ല. ആദ്യം കേസ് ഒന്ന് അന്വേഷിച്ചതാണ്. ഒരു കാരണവശാലും കേസ് നിലനില്‍ക്കില്ലെന്നു കണ്ട് വിജിലന്‍സ് തന്നെ ഉപേക്ഷിച്ചതാണ്. രണ്ടാമതൊരു പരാതി വാങ്ങി വീണ്ടും അന്വേഷിച്ചു. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. ഏത് രീതിയില്‍ അന്വേഷിച്ചാലും ഒരു കാരണവശാലും നിയമപരമായി അത് നിലനില്‍ക്കുന്നതല്ല.കാരണം നൂറ് ശതമാനം പെര്‍ഫെക്ഷനോടു കൂടിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തത്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തൻ്റെ കൈയിലുണ്ട്. ഏഴുവര്‍ഷം മുന്‍പ് നിയമസഭയ്ക്ക് അകത്തും പുറത്തും അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 2018ന് ശേഷമാണ് ഇങ്ങനെയൊരു ആക്ഷേപം വന്നത്. അന്നുതന്നെ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ അന്വേഷണവുമായെല്ലാം പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാവിധ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുകയാണ്. അപ്പോള്‍ ജനുവരിയില്‍ തനിക്കെതിരെ ഒരു കേസ് ആയിക്കോട്ടെ എന്നി വിചാരിച്ചാലും തനിക്ക് യാതൊരു വിരോധവുമില്ല. ഇതിനെ രാഷ്ട്രീയമായി നേരിടും. അല്ലാത്ത കേസ് ആണെങ്കില്‍ നിയമപരമായി അതിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
താന്‍ വിദേശത്തു പോയി പണം പിരിച്ചെന്ന് എം വി ഗോവിന്ദന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനെകൊണ്ട് സിബിഐ അന്വേഷണത്തിന് വിടട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തിനു മറുപടിയായി സതീശന്‍ പ്രതികരിച്ചു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കാന്‍ ഗോവിന്ദനോടും പറയണമെന്നും സതീശന്‍ പറഞ്ഞു.
തികച്ചും രാഷ്ട്രീയ പ്രേരിത0: ഷാഫി പറമ്പില്‍
ഇത് തികച്ചും ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. അടുത്ത തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തുന്നത് തീര്‍ച്ചയായിട്ടും ഇത് കണ്ട് വിറളി പൂണ്ടിട്ടാണ്. ഒരു വര്‍ഷം മുന്‍പ് ക്ലോസ് ചെയ്ത ചാപ്റ്ററാണ് വീണ്ടും എടുത്തുകൊണ്ടുവരുന്നത്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഷാഫി വയനാട്ടില്‍ പറഞ്ഞു.
സര്‍ക്കാരിൻ്റെ ആശങ്കയാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ഇന്നത്തെ ദിവസത്തെ വാര്‍ത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമാണിത്. ഭരണം അവസാനത്തിലേക്കത്തെയ ഒരു സര്‍ക്കാരിൻ്റെ അവസാന അടവുകളിലൊന്നാണിത്. ഇനിയും ഇത്തരത്തിലുള്ളതൊക്കെ വരാനുണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒന്നര മസം കാത്തിരിക്കുമ്പോള്‍ ഈ നടത്തുന്ന നാടകമൊക്കെ ജനങ്ങള്‍ക്ക് കൃത്യമായിട്ട് അറിയാം. ഒന്നുമില്ലെന്ന് വിധിയെഴുതിയ ഒരു സാധനത്തെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്ന ഇലക്ഷന്‍ സ്റ്റണ്ട് ആണിത്. ഇത് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ദയനീയമായി പരാജയപ്പെടും. തങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിൻ്റെ വീഴ്ചകള്‍, ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അതീവ ഗൗരവമായി നിലനില്‍ക്കുകയാണ്. അതിൻ്റെ തുടര്‍പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരില്‍നിന്നും എസ്ഐടിയില്‍നിന്നും ഉണ്ടാകേണ്ടത്. അതിനെ തടസപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് അറുതി ഉണ്ടാകേണ്ടത്. ആ ചോദ്യങ്ങള്‍ യുഡിഎഫ് ചോദിക്കും അതിൻ്റെ ഉത്തരങ്ങള്‍ക്കു പകരം ഇത്തരം കൊഞ്ഞനംകുത്തലുകള്‍ കൊണ്ട് കാര്യമുണ്ടാകില്ല എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
ഇത് ഓലപ്പടക്കമാണെന്നും ഇത് പൊട്ടിയാലൊന്നും ആരും പേടിക്കാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്.
സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍
അങ്ങനെ ഒരു അന്വേഷണം കൊണ്ടൊന്നും തളരുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് കെ മുരളീധരനും പറഞ്ഞു. ഈ കാര്യത്തില്‍ എന്ത് സിബിഐ കളിച്ചാലും അതൊന്നും അവിടെ ഏല്‍ക്കാന്‍ പോകുന്നില്ല. കേരളത്തിലെ സിപിഎമ്മും ബിജെപിയും ഇപ്പോള്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. ആര് എന്തൊക്കെ അഭ്യാസം കാണിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.