നടിയെ പീഡിപ്പിച്ചക്കേസ് : സർക്കാർ ഹൈക്കോടതിയിൽ അപ്പീലിന്

 നടിയെ പീഡിപ്പിച്ചക്കേസ് : സർക്കാർ ഹൈക്കോടതിയിൽ അപ്പീലിന്

തിരുവനന്തപുരം:  നടിയെ ആക്രമിച്ച കേസിലെ വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഉടൻ അപ്പീൽ നൽകും. നടൻ ദിലീപിനെ വെറുതെ വിട്ടതിനും ആറ് പ്രതികൾക്ക് നൽകിയ ശിക്ഷാവിധിയിലുമാണ് അപ്പീൽ നൽകുന്നത്. അപ്പീൽ നൽകാനുള്ള ഡിജിപിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയതായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കി. ഹൈക്കോടതിയിലെ ക്രിസ്മസ് അവധിക്ക് ശേഷം ഉടൻ തന്നെ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ അറിയിച്ചു. അപ്പീൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഉത്തരവിൻ്റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെങ്കിലും അനുമതി ലഭിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. അതിനാൽ കോടതി അവധി കഴിഞ്ഞാൽ ഉടൻ അപ്പീൽ നൽകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിധിന്യായം വിശദമായി പരിശോധിക്കുകയും അപ്പീലിനുള്ള കാരണങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്. താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും അത് പിന്നീട് സർക്കാരിന് കൈമാറിയെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അറിയിച്ചു. അപ്പീൽ നൽകുന്നതിൽ സമയം പാഴാക്കരുതെന്ന് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ ശിക്ഷയെ സംസ്ഥാനം ചോദ്യം ചെയ്യും. അതുപോലെ എട്ടാം പ്രതിയായ ദിലീപിനെയും മറ്റ് മൂന്ന് പേരെയും വെറുതെ വിട്ട വിധിയെയും ചോദ്യം ചെയ്യുമെന്ന് അജകുമാർ പറഞ്ഞു. ആറ് പ്രതികളെ ശിക്ഷിക്കാൻ വിചാരണക്കോടതി 60ഓളം സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചു. എന്നാൽ ബാക്കിയുള്ള പ്രതികളെ വെറുതെ വിട്ടപ്പോൾ അതേ തെളിവുകൾ കോടതി തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിടുകയും ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയുമാണ് വിചാരണക്കോടതി ചെയ്തത്.

നടിയെ ആക്രമിച്ച കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്ക് 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. എന്നാൽ കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചിരുന്നു.

വിധിക്കെതിരെ അതിജീവത നേരത്തെ സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. 2017 ഫെബ്രുവരിയിൽ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സിനിമാ ഷൂട്ടിങ്ങിന് ശേഷം പോകുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഓടുന്ന വാഹനത്തിനുള്ളിൽ വച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഗൂഢാലോചന കുറ്റത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.