കേന്ദ്രത്തെ വിമർശിച്ചും കേരളത്തിൻ്റെ വികസനനേട്ടങ്ങൾ വിശദീകരിച്ചും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചുമാണ് ഗവർണർ നയപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കിയെന്നും സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അതിദരിദ്രരെ നിർമാർജനം ചെയ്തെന്ന സുപ്രധാന പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കം. ശിശുമരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും സാമൂഹ്യ വികസനത്തിൽ കേരളം ഏറെ മുന്നിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ വളർച്ചയാണുണ്ടായത്. സംസ്ഥാനത്തിൻ്റെ ആഭ്യന്തര ഉത്പാദനം 5.26 ലക്ഷം കോടിയിൽ നിന്ന് 12.49 ലക്ഷം കോടിയായി ഉയർന്നു. ഇതേ കാലയളവിൽ ആളോഹരി വരുമാനം ഏകദേശം ഇരട്ടിയായി വർധിച്ചതായും നയപ്രഖ്യാപനത്തിൽ എടുത്തുപറയുന്നു. കൊവിഡ് കാലഘട്ടത്തിൽ 38 ശതമാനമായിരുന്ന കടം-ജിഎസ്‌ഡിപി അനുപാതം 2024-25ഓടെ 34 ശതമാനമായി കുറയ്ക്കാൻ സർക്കാരിന് സാധിച്ചു.

ധൂർത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദം ഗവർണർ തള്ളി. 2023-24 കാലയളവിൽ കടമെടുത്ത തുകയുടെ 56.9 ശതമാനവും മൂലധന ചെലവുകൾക്കായാണ് ഉപയോഗിച്ചതെന്ന് സിഎജി റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. സ്വന്തം വരുമാനം വർധിപ്പിച്ചും ചെലവുകൾ നിയന്ത്രിച്ചും സംസ്ഥാനം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴിയുള്ള വായ്പകൾ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക സുരക്ഷാ പെൻഷനുകൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ വായ്പകളെ ചൂണ്ടിക്കാട്ടി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് വികസനത്തെയും ക്ഷേമ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ഗവർണർ വിമർശിച്ചു.

പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു തവണ പോലും പവർ കട്ട് ഉണ്ടായില്ല 

സംസ്ഥാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായും ഡിജിറ്റൽ വേർതിരിവ് ഏറ്റവും കുറവുള്ള സംസ്ഥാനമായി മാറിയെന്നും ഗവർണർ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങളും വയോജനങ്ങൾക്ക് പെൻഷൻ ഉറപ്പാക്കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യ ജാഗ്രത കലണ്ടർ സംസ്ഥാനത്ത് നടപ്പിലാക്കും. 4500 കോടി രൂപ ഇതുവരെ കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചു. ആശാവർക്കർമാരുടെ വേതനം 7000ത്തിൽ നിന്ന് 8000 രൂപയായി ഉയർത്തി. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 4,10,958 പട്ടയങ്ങൾ വിതരണം ചെയ്തു. ഇത് ലോകത്തിന് മുന്നിൽ ഒരു പുതിയ 'കേരള മോഡൽ' ആയി അവതരിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു തവണ പോലും പവർ കട്ട് ഉണ്ടായില്ല എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. കിലോക്ക് 30 രൂപ നിരക്കിൽ നെല്ലു സംഭരിക്കുകയും സംഭരിച്ച നെല്ലിൻ്റെ വില ഒരാഴ്ചയ്ക്കുള്ളിൽ കർഷകർക്ക് നൽകുകയും ചെയ്യുന്നു. കർഷകർക്ക് മികച്ച കന്നുകാലികളെ നൽകാൻ കിടാരി പാർക്കുകൾ ആരംഭിക്കും. അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം 2027ൽ പൂർത്തിയാക്കും. വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആഗോള വിപണിയുമായുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതും സർക്കാർ മുൻഗണന നൽകുന്ന വിഷയങ്ങളാണ്.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന കേന്ദ്രം  ഫെഡറൽ തത്വങ്ങളെ തകർക്കുന്നതായി വിമർശനം 

കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഗവർണർ ഉന്നയിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുകയാണെന്നും ഫെഡറൽ തത്വങ്ങളെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. പദ്ധതിക്കുള്ള കേന്ദ്ര സഹായം 100 ശതമാനത്തിൽനിന്ന് 60 ശതമാനമായി കുറഞ്ഞതും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചു. പദ്ധതി പഴയ നിലയിൽ തന്നെ തുടരണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടുO

കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെ ഗവർണർ വിമർശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ അവസാന പാദത്തിൽ ചെലവുകൾക്കായി 12,000 കോടി രൂപയോളം ആവശ്യമുണ്ടായിരുന്നെങ്കിലും, ഇതിൽ പകുതിയിലധികം തുകയായ 5,944 കോടി രൂപ മതിയായ കാരണങ്ങളില്ലാതെ കേന്ദ്രം തടഞ്ഞുവച്ചു.വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെയും ഐജിഎസ്ടി വിഹിതത്തിലെ മാറ്റത്തിലൂടെയും ഈ വർഷം മാത്രം 17,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഐജിഎസ്ടി ഇനത്തിൽ ലഭിക്കാനുള്ള 965.16 കോടി രൂപ അനുവദിക്കണമെന്ന ആവശ്യത്തിലും നടപടിയുണ്ടായില്ല. ജിഎസ്ടി നിരക്കുകളിലെ മാറ്റം കാരണം 2026-27 കാലയളവിൽ 8,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും കണക്കാക്കുന്നു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 6,000 കോടി രൂപയോളം സംസ്ഥാനം ചെലവഴിച്ച തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ കേരളത്തിലെ കയറ്റുമതി മേഖലയെ ബാധിച്ചതായും സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ തുടങ്ങിയ മേഖലകളിൽ 2,500 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടുമെന്നും ഗവർണർ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിൻ്റെയും പതിനഞ്ചാം കേരള നിയമസഭയുടെയും കാലത്തെ അവസാനത്തെ സമ്മേളനമാണിത്. രാവിലെ ഒമ്പതോടെ സ്പീക്കർ എഎൻ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൊക്കെ നൽകി ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്. ആകെ 32 ദിവസമാണ് സഭ സമ്മേളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇതൊരു ബജറ്റ് സമ്മേളനമായിരിക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി മറ്റു നടപടികളിലേക്ക് സഭ വേഗത്തിൽ കടക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേദി കൂടിയാകും ഇത്തവണത്തെ നിയമസഭാ സമ്മേളനം. ശബരിമല, സ്വർണക്കടത്ത്, പുനർജനി കേസ്, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജമാഅത്തെ ഇസ്‌ലാമി വിഷയം തുടങ്ങിയവ വരും ദിവസങ്ങളിൽ സഭയിൽ ചർച്ചയാകും.