ജിഎസ്‌ടി ഇളവ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം

ജിഎസ്‌ടി ഇളവ്;  നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്‌ടി പരിഷ്‌കരണം  നടപ്പിലാക്കിയതിനുശേഷമുള്ള  മാറ്റങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനായി  ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഇൻഫർമേഷൻ & ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രി അശ്വിനി വൈഷ്‌ണവ് എന്നിവർ  ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. പുതിയ ജിഎസ്‌ടി പ്രകാരം ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോ, ഏതൊക്കെ മേഖലകളിലാണ് നേട്ടമുണ്ടായത് തുടങ്ങി കാര്യങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ വിശദീകരിച്ചു.ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ സീസണിലെ വിൽപ്പനയെയും ജനങ്ങളെയും ജിഎസ്‌ടി പരിഷ്‌കാരങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു വാര്‍ത്താസമ്മേളനത്തിലെ പ്രധാന വിഷയം. സാധാരണക്കാർക്ക് നികുതി ഇളവുകൾ നൽകിക്കൊണ്ട് പ്രധാനമന്ത്രി മോദിയും ധനമന്ത്രി സീതാരാമനും ഈ വർഷം മഹാ ലക്ഷ്‌മിയെ വീടുകളിലേക്ക് ക്ഷണിച്ചുവെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.ഈ വർഷത്തെ നികുതി ഇളവുകൾ ഇന്ത്യയിലെ നിക്ഷേപത്തിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നും ഇത് ഓരോ ഇന്ത്യക്കാരനും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്‌ടി ഇളവുകൾ വാഹന വിൽപ്പനയിൽ വലിയ വർധനവുണ്ടാക്കി. അന്താരാഷ്ട്രതലത്തിൽ പ്രതിസന്ധി നേരിടുമ്പോഴും ലോകം പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയാകുമ്പോഴു ഇന്ത്യ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.അതിനാൽ ഐഎംഎഫിന് പോലും ഈ വർഷം 6.6 ശതമാനം വളർച്ചാ പ്രവചനം പരിഷ്കരിക്കേണ്ടി വന്നുവെന്നും ആദ്യ പാദത്തിൽ, ഈ വർഷം 7.8 ശതമാനം ചരിത്രപരമായ വളർച്ചയാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും ജിഎസ്‌ടി ഇളവുകളും നവരാത്രി ഓഫറുകളും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനികൾ ജിഎസ്‌ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ജിഎസ്‌ടി ഇളവുകൾക്ക് ശേഷം ഓട്ടോമൊബൈൽ കമ്പനികൾ, ഇലക്ട്രോണിക്‌സി, എഫ്എംസിജി കമ്പനികൾ എന്നിവ റെക്കോഡ് വിൽപ്പന റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നവരാത്രികാലത്ത്  20-23% വിൽപ്പന വർധനവുണ്ടായതായിഅശ്വിനി വൈഷ്‌ണവ് 

നവരാത്രിയിൽ ഇലക്ട്രോണിക്‌സ് ഉത്‌പന്നങ്ങള്‍ക്ക് റെക്കോഡ് വിൽപ്പനയുണ്ടായെന്നും ഏകദേശം 20-23% വിൽപ്പന വർധനവുണ്ടായതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഈ വർഷം, യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ നേട്ടമുണ്ടാക്കി. ചില വലിയ കമ്പനികളുടെ 20% നിർമാണവും ഇപ്പോൾ ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ രണ്ടാമത്തെ സെമികണ്ടക്ടർ പ്ലാൻ്റ് കഴിഞ്ഞ ആഴ്‌ച ഉത്പാദനം ആരംഭിച്ചു. ആദ്യത്തേത് സിജി സെമിയും രണ്ടാമത്തേത് കെയ്ൻസുമാണ്. ആവശ്യകത വർധിക്കുന്നതിനാൽ ഈ വർഷം ഇന്ത്യയിലെ നിക്ഷേപം വർധിക്കാൻ സാധ്യതയുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ജിഎസ്‌ടി പരിഷ്‌കാരങ്ങൾ മൂലം ഈ വർഷം 20 ലക്ഷം കോടി രൂപയുടെ അധിക ഇലക്ട്രോണിക് ഉപഭോഗം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.