ഗുരുവായൂർ ദേവസ്വം : നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മന്ത്രി

ഗുരുവായൂർ ദേവസ്വം : നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട  വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മന്ത്രി

കോട്ടയം: ഗുരുവായൂർ ദേവസ്വം നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടുള്ള കോടതി വിധി കെഡിആര്‍ബി നിയമത്തെ ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിൻ്റെ നിര്‍ണായക തീരുമാനം."സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളുടെയും നിയമനം നിലവിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആണ് നടത്തുന്നത്. എന്നാൽ ഗുരുവായൂരിലെ നിയമനങ്ങൾ മാനേജിങ് കമ്മിറ്റിക്ക് ചെയ്യാമെന്ന ഹൈക്കോടതി വിധിയാണ് സർക്കാർ അപ്പീലിലൂടെ ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ ദേവസ്വം ബോര്‍ഡും അപ്പീൽ നൽകും" മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ചയാണ് ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം റദ്ദാക്കിയ വിധ ഹൈക്കോടതി പുറപ്പെടുവിച്ചത്. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കെന്നാണ് ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി .ഈ വിധി പ്രകാരം ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കാണ് ഇനി നിയമനങ്ങളില്‍ അധികാരമെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഹൈക്കോടത് റദ്ദാക്കി.നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെയും ഹൈക്കോടതി നിയോഗിച്ചു. വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്‌മെൻ്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.