'ഹാൽ' വിവാദം ; സിനിമ നേരിട്ട് കാണാനൊരുങ്ങി ഹൈക്കോടതി

എറണാകുളം: സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച, ഷെയ്ൻ നിഗം നായകനായ 'ഹാൽ' നേരിട്ടു കാണാൻ ഹൈക്കോടതി . ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്‌ച തീരുമാനിക്കും.സിനിമ കാണണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണാണ് അംഗീകരിച്ചത്. കൂടാതെ ഹർജി ചൊവ്വാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതിനിടെ ഹാൽ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ കക്ഷി ചേരൽ അപേക്ഷ നൽകി.
സിനിമയുടെ ഉള്ളടക്കം മതസൗഹാർദ്ദത്തിന് ഭീഷണിയാണ്. ക്രൈസ്‌തവ സമൂഹത്തിൻ്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. താമരശേരി ബിഷപ്പിനെ ലൗ ജിഹാദിൻ്റെ പിന്തുണക്കാരനായി ചിത്രത്തിൽ കാണിക്കുന്നുണ്ട്.ഇത് ബിഷപ്പിൻ്റെ വ്യക്തിപരമായ യശസിനും രൂപതയ്ക്കും അപകീർത്തി ഉണ്ടാക്കും. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ട ഉണ്ടന്നും കത്തോലിക്കാ കോൺഗ്രസ് കക്ഷി ചേരൽ അപേക്ഷയിൽ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡൻ്റ് കെ വി ചാക്കോയാണ് ഹര്‍ജി നല്‍കിയത്.ബീഫ് ബിരിയാണി രംഗവും ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് സിബിഎഫ്‌സിയുടെ ആവശ്യം. ആകെ 15 സീനുകളിലാണ് സിബിഎഫ്‌സി മാറ്റം ആവശ്യപ്പെട്ടത്. സീനുകൾ നീക്കം ചെയ്‌താൽ മുതിർന്നവർക്ക് മാത്രം കാണാൻ അനുവാദം നൽകിക്കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് മാത്രം നൽകാമെന്നാണ് കേന്ദ്ര സെൻസർ ബോർഡിൻ്റെ മറുപടി.ചിത്രത്തിലെ ബീഫ് ബിരിയാണി രംഗം, നായിക പര്‍ദ ധരിക്കുന്ന രംഗം എന്നിവയാണ് പ്രധാനമായും വിവാദത്തിലേക്ക് നയിച്ചത്. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കം ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.സിനിമ കാണാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
പ്രതിഷേധവുമായി സന്തോഷ് ടി കുരുവിള
ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വ്യവസായ പ്രമുഖനും സിനിമാ നിർമ്മാതാവുമായ സന്തോഷ് ടി കുരുവിള രംഗത്തെത്തി ത്തിയിരുന്നു. സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ചിട്ടും ദാക്ഷിണ്യം ഇല്ലാത്ത സെൻസറിങിൻ്റെ പ്രസക്‌തി മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ഞാന്‍ അടക്കമുള്ള നിർമാതാക്കൾ വളരെയധികം ആശങ്കയിലാണെന്നും ഷൂട്ട് തീർന്നതിന് ശേഷം കോടികൾ മുടക്കി എടുത്ത ഒരു ചിത്രത്തിന് മേൽ കട്ടിങും ഷേവിങും നടത്താൻ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്തോഷ് ടി കുരുവിളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :
"ഹാൽ എന്ന ഷെയിന്‍ നിഗം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നത് ഇപ്പോൾ കണ്ടു! സെൻസർ നൂലാമാലകളിൽ പെട്ട് സിനിമ റിലീസ് തീയതി പ്രഖ്യാപിക്കാൻ കഴിയുന്നില്ല. ഞാൻ ആ സിനിമ കണ്ടതാണ്! ബൾട്ടിയോടൊപ്പം എത്താന്‍ ഇരുന്നത് കൊണ്ട് തന്നെ അതിൻ്റെ നിർമ്മാതാവിൻ്റെ താൽപര്യപ്രകാരം കണ്ടതാണ്.വളരെ നല്ലൊരു പടമാണത്, സിനിമ തെരെഞ്ഞെടുത്തിരിക്കുന്നത് വളരെ പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയമാണ്, ആനുകാലിക രാഷ്ട്രീയത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു പ്‌ളോട്ടാണ് ആ ചിത്രത്തിനുള്ളത്.എന്താണ് അതിൻമേൽ ഇത്രമാത്രം കത്രിക വയ്‌ക്കാനുള്ളത് എന്ന് ഇനിയും മനസ്സിലാവുന്നില്ല, ഈ നാട്ടിലെ ഫിലിം മേക്കേഴ്‌സിനെ ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ പറയാൻ അനുവദിക്കണം എന്ന് തന്നെയാണ് എനിക്ക് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കാനുള്ളത്.
ഞാന്‍ അടക്കമുള്ള നിർമ്മാതാക്കൾ വളരെയധികം ആശങ്കയിലാണ്, ഷൂട്ട് തീർന്നതിന് ശേഷമാവും കോടികൾ മുടക്കി എടുത്ത ഒരു ചിത്രത്തിന് മേൽ കട്ടിംഗും ഷേവിംഗും നടത്താൻ നിർബന്ധിതമാവുന്നത്, വളരെ സങ്കടകരമാണ് ഈ അവസ്ഥ! സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ച ഈ കാലത്ത്, കാലദേശഭേദമെന്യേ "കണ്ടൻറുകൾ" ഇങ്ങനെ കുത്തിയൊഴുകുന്ന കാലത്ത് എന്താണ് ഈ ദാക്ഷണ്യം ഇല്ലാത്ത സെൻസറിംഗിൻ്റെ പ്രസക്‌തി എന്ന് മനസ്സിലാവുന്നില്ല.വിമർശനങ്ങളോ, കടുത്ത വിമർശനങ്ങളോ ഇനി അതിരുറ്റ വിമർശനങ്ങളോ ഒന്നും ഈ രാജ്യത്തിൻ്റെ സംസ്‌കാരത്തെയോ ഭദ്രതയെയോ ഒന്നും ബാധിക്കാൻ പോവുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം? നിൽക്കേണ്ടത് നിൽക്കും അല്ലാത്തത് മാഞ്ഞ് പോവും അതാണല്ലോ നമ്മുടെ ചരിത്രം!സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണ്. ഹാൽ എന്ന ചിത്രം യാതൊരു വിധ മുറിവുകളും ഏൽക്കാതെ പുറത്തിറങ്ങേണ്ടത് എല്ലാ കലാ സ്നേഹികളുടെയും ആഗ്രഹമാണ്. ഈ സാഹചര്യത്തോട് പ്രതിഷേധിക്കുന്നു," സന്തോഷ് ടി കുരുവിള കുറിച്ചു.