ഹംപി കൂട്ടബലാത്സംഗക്കേസ്; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായ കര്‍ണാടകയിലെ ഹംപി ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മല്ലേഷ്, സായികുമാർ, ശരണബസവരാജ് എന്നിവരെയാണ് കൊപ്പൽ ജില്ലയിലെ ഗംഗാവതി ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. കഴിഞ്ഞ വർഷം ഇസ്രയേൽ സ്വദേശിനി ഉൾപ്പെടെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്‌ത കേസിലാണ് നിര്‍ണായക വിധി.
കൂട്ടബലാത്സംഗ, കൊലപാതക കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. ഇതിനുപിന്നാലെ തിങ്കളാഴ്‌ച 3.10 ന് ജഡ്‌ജി സദാനന്ദ് നാഗപ്പ നായിക് മൂന്ന് പ്രതികള്‍ക്കും വധശിക്ഷയ്‌ക്ക് ഉത്തരവിട്ടു. ഇസ്രയേൽ വനിതയെ ബലാത്സംഗം ചെയ്‌തതിനും, വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയതിനും പുറമെ മറ്റ് നിരവധി കേസുകൾ പ്രതികൾക്കെതിരെയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചിരുന്നു.
ഒരു അമേരിക്കൻ വിനോദസഞ്ചാരിയെയും മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദസഞ്ചാരിയെയും തുംഗഭദ്ര കനാലിലേയ്‌ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്ന കേസും കൊലപാതക കുറ്റവും ഇവർക്കെതിരെയുണ്ട്. ഈ കേസുകളിലും ജഡ്‌ജി വിധി പ്രസ്‌താവിച്ചു. കേസിൽ ബലാത്സംഗം, കവർച്ച, കൊലപാതകം, ഗൂഢാലോചന, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തി.ഒരു കേസിൽ വധശിക്ഷ (ബിഎൻഎസ്-301) യും ശേഷിക്കുന്ന അഞ്ച് കേസുകളിൽ ജീവപര്യന്തം തടവും വിധിച്ചു. വിധി പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിക്കും. അവിടെ പരിശോധനയ്ക്ക് ശേഷം ഉത്തരവ് നടപ്പിലാക്കുമെന്ന് പ്രോസിക്യൂട്ടർ നാഗലക്ഷ്‌മി പറഞ്ഞു.
ആറ് മാസത്തിനുള്ളിൽ ഉത്തരവ്
ഗംഗാവതി കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കേസ് വിധിയെന്ന് അഭിഭാഷകർ പറഞ്ഞു. കൊപ്പൽ ജില്ല രൂപീകരിച്ചതിന് ശേഷമുള്ള രണ്ടര പതിറ്റാണ്ടിനിടെ, കോടതി വധശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ആറ് മാസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കിയെന്ന് അഭിഭാഷകർ പറഞ്ഞു.2025 മാർച്ച് 6 ന് കേസ് ഫയൽ ചെയ്‌തു. ഗംഗാവതി താലൂക്കിലെ സനാപൂരിൽ ഒരു ഇസ്രയേലി സ്ത്രീയെ ബലാത്സംഗം ചെയ്‌ത സംഭവം ആഗോളതലത്തില്‍ വലിയ വാർത്തയായി. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വകുപ്പിന് 90 ദിവസത്തെ സമയമുണ്ടായിരുന്നു. കീഴ്‌ക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ജില്ലാ കോടതിയിൽ ആറ് മാസത്തിനുള്ളിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.
2025 മാർച്ച് 6നാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേർന്ന് തുംഗഭദ്ര ഇടതുകര കനാലിൻ്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഇസ്രയേലി വനിത, ഹോംസ്റ്റേ ഉടമ, യുഎസ് പൗരനായ ഡാനിയേൽ, ഒഡീഷയിൽ നിന്നുള്ള ബിബാഷ്, മഹാരാഷ്ട്രയിൽ നിന്നുള്ള പങ്കജ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.സ്ഥലത്തെത്തിയ അക്രമികൾ ഇവരോട് പണം ആവശ്യപ്പെട്ടു, എന്നാല്‍ പണം നല്‍കാൻ തയ്യാറാകാത്തതോടെ ഇരുവരെയും ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തു. അവരെ രക്ഷിക്കാൻ എത്തിയ അമേരിക്കക്കാരനായ ഡാനിയേൽ, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള പങ്കജ് പട്ടേലിനെയും ഒഡിഷയിൽ നിന്നുള്ള ബിബാസിനെയും സംഘം ആക്രമിച്ചു. തുടർന്ന് അവർ ബിബാസിനെ (43) ഇടതുകര കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതായാണ് കുറ്റപത്രം.