ആൾക്കൂട്ട മർദ്ധനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി

ആൾക്കൂട്ട മർദ്ധനത്തിൽ  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ആൾക്കൂട്ട മർദ്ധനത്തിൽ  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരികൃഷ്ണൻ (18) മരണത്തിന് കീഴടങ്ങി . കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും, രജനിയുടെയും  മകനാണ് ഹരികൃഷ്ണൻ . 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും, സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പലരും നോക്കിനിൽക്കെ  തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.പിന്നീട് സ്ഥലവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്  ഇന്നലെ രാത്രി ഹരികൃഷ്ണന്  മസ്തിഷ്ക മരണം സംഭവിക്കുന്നത് .

അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരികൃഷ്ണന്റെ മരണത്തില്‍ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. അക്രമം നടന്ന് 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട് . സംഭവത്തെ തുടർന്ന് ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാന പ്രതികൾ ഒളിവിൽ പോയതായാണ് സൂചന.

https://www.worldm.news/news/18-year-old-brutally-22145