ഹരീഷ് റാണയുടെ നിഷ്ക്രിയ ദയാവധം വരും മണിക്കൂറുകളിൽ ആരംഭിക്കും

ഹരീഷ് റാണയുടെ നിഷ്ക്രിയ ദയാവധം വരും മണിക്കൂറുകളിൽ ആരംഭിക്കും

 ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി കിടപ്പിൽ കഴിയുന്ന 32 വയസുള്ള ഹരീഷ് റാണയുടെ നിഷ്ക്രിയ ദയാവധം വരും മണിക്കൂറിൽ ആരംഭിക്കും. പാസീവ് യൂത്തനേസിയ (ദയാവധം) എന്ന പ്രക്രിയയ്ക്ക് വേണ്ടി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആശുപത്രിയിൽ റാണയെ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ആദ്യ നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിയത്.എയിംസിലെ സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സംഘമാണ് ദയാവധം ചെയ്യുന്നത്. ഹരീഷ് റാണയുടെ ശരീരത്തിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും പതിയെ നീക്കം ചെയ്യും. കോടതിയുടെ ഉത്തരവ് പ്രകാരം എയിംസിൽ പ്രവേശിപ്പിക്കും. അവസ്ഥ വിലയിരുത്തിയതിന് ശേഷം   മെഡിക്കൽ പ്രോട്ടോകോളിനനുസരിച്ച് സംഘം പ്രക്രിയ ആരംഭിക്കുമെന്ന് അഭിഭാഷകൻ മനീഷ് ജെയിൻ മാധ്യമങ്ങളോട്  പറഞ്ഞു.നിലവിൽ ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച PEG ട്യൂബുകൾ വഴി നൽകുന്ന ക്ലിനിക്കലി അഡ്‌മിനിസ്ട്രേറ്റഡ് ന്യൂട്രീഷൻ (CAN) മാത്രമാണ് റാണയുടെ ജീവൻ നിലനിർത്തുന്നത്. പേയിങ് ഗസ്‌റ്റായി താമസിച്ച വീടിൻ്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റു. തുടർന്ന് ക്വാഡ്രാപ്ലീജിയയുള്ള പെർസിസ്‌റ്റൻ്റ് വെജിറ്റേറ്റീവ് സ്‌റ്റേറ്റ് (PSV) എന്ന അവസ്ഥയിലേക്ക് നയിച്ചു. കഴിഞ്ഞ 13 വർഷമായി കിടലിപ്പിലാണന്നും റാണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ദയാവധത്തിൻ്റെ രീതി

ഇവിടെ മരുന്നുകൾ നൽകി മരണം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ജീവൻ നിലനിർത്താൻ സഹായിക്കുന്ന വെൻ്റിലേറ്റർ അല്ലെങ്കിൽ ഭക്ഷണത്തിനുള്ള ട്യൂബ് തുടങ്ങിയ കൃത്രിമ സംവിധാനങ്ങൾ പിൻവലിക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് 'പാസീവ് യൂത്തനേഷ്യ' എന്ന് വിളിക്കുന്നത്.ഹരീഷ് റാണയുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ബാഹ്യ ജീവൻ രക്ഷാ ഉപകരണങ്ങളും പതുക്കെ നീക്കംചെയ്യും. ശ്വസനത്തിനായി ഒരു ട്രാക്കിയോസ്‌റ്റമി ട്യൂബും ഭക്ഷണം നൽകുന്നതിനായി ഒരു ഗ്യാസ്ട്രോസ്‌റ്റമി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും സുപ്രീം കോടതി മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് സ്പെഷ്യലിസ്റ്റുകളുടെ സംഘം ഉറപ്പാക്കും. അതേസമയം മുഴുവൻ നടപടിക്രമത്തിൻ്റെ ദൈർഘ്യം എത്രത്തോളം നീണ്ടുനിൽക്കുമെന്നത് വ്യക്തമല്ല. ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ നീക്കം ചെയ്‌തതിനുശേഷം, രോഗി ഉടൻ മരിക്കാം അല്ലെങ്കിൽ നിരവധി ദിവസങ്ങൾ എടുത്തേക്കാം. അത് പൂർണമായും അദ്ദേഹത്തിൻ്റെ ശരീരത്തിൻ്റെ അവസ്ഥയെയും സ്വാഭാവിക പ്രക്രിയകളെയും ആശ്രയിച്ചിരിക്കും എന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തൽ.

മാർച്ച 11നാണ് സുപ്രീം കോടതി ആദ്യ നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിയത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് കഴിഞ്ഞ 13 വർഷമായി കിടപ്പിൽ കഴിയുന്ന 32 വയസുള്ള ഹരീഷ് റാണയുടെ പിതാവ് നൽകിയ അപേക്ഷയിലാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മകൻ്റെ ജീവൻ നിലനിർത്തുന്ന എല്ലാ ചികിത്സകളും നിർത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമ ചരിത്രത്തിലെ സുപ്രധാന വിധി കൂടിയാണിത്. രണ്ടാം തവണയാണ് ഹരീഷിൻ്റെ മാതാപിതാക്കൾ നിഷ്ക്രിയ ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2024-ൽ തൻ്റെ മകൻ്റെ ചികിത്സയെക്കുറിച്ച് മനസിലാക്കാൻ പ്രാഥമിക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നിരുന്നാലും, സുപ്രീം കോടതി ഹർജി അനുവദിക്കാൻ വിസമ്മതിക്കുകയായിരുന്നു.