മാലിന്യത്തിൽ നിന്നുകിട്ടിയ വജ്രമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ഹരിതകർമ സേനാംഗങ്ങൾ

മാലിന്യത്തിൽ നിന്നുകിട്ടിയ വജ്രമാല ഉടമയെ കണ്ടെത്തി തിരിച്ചു  നൽകി ഹരിതകർമ സേനാംഗങ്ങൾ

കാസർകോട്:  നഷ്ടപ്പെട്ടെന്ന് കരുതിയ ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രമാല  തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളുടെ സത്യസന്ധതയിൽ  ഉടമയ്ക്ക്  തിരിച്ചുകിട്ടി. പതിവുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ലഭിച്ച  വജ്രമാലയാണ് അതിൻ്റെ യഥാർഥ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച്‌  സേനാംഗങ്ങൾ നാടിന് മാതൃകയായത് .

പതിവ് പോലെ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടയിലാണ് സേന അംഗമായ എം ഉഷ തറയിൽ എന്തോ തിളങ്ങുന്നത് കണ്ടത്. അടുത്ത് പോയി നോക്കിയപ്പോൾ തിളങ്ങുന്നത് ഒരു മാല ആണെന്ന് തിരിച്ചറിഞ്ഞു. ആദ്യം സ്വർണം എന്നായിരുന്നു ഉഷ കരുതിയത്. കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരായ സ്മിത തങ്കയം, എം ഷൈല ഉടുമ്പുന്തല, എംപിടി ജുവൈരിയ മെട്ടമ്മൽ എന്നിവരെ അറിയിച്ചതോടെ സ്വർണം ആണോ സ്വർണതത്തെക്കാൾ മൂല്യമുള്ള ഡയമണ്ട് ആണോ എന്ന സംശയം ഉടലെടുത്തു.തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിനെ ഇവര്‍ വിവരമറിയിക്കുകയായിരുന്നു. പ്രസിഡൻ്റ് സാജിത സഫറുള്ളയും വിഇഒ റാഷിദും ചേർന്ന് പരിശോധിച്ചപ്പോൾ കൈയിൽ കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള മാല ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഉടമസ്ഥനെ കണ്ടെത്താനുള്ള തിരച്ചിൽ ആയിരുന്നു. സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് ആയതിനാൽ ആ നിലയിൽ ആയിരുന്നു അന്വേഷണം. പലരെയും വിളിച്ച് അന്വേഷിച്ചു. ഒടുവിൽ ഉടമസ്ഥനെ കണ്ടെത്തിയതോടെ ഉഷ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസവും ഒപ്പം ഇരട്ടി സന്തോഷവുമായി.തൃക്കരിപ്പൂർ ടൗണിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള   ഒരു സ്ഥാപനത്തിൻ്റെ ഉടമയാണ് വജ്രമാലയുടെ ഉടമ.