വിദ്വേഷ പ്രസംഗ കേസ്; ഡിഎംകെയ്ക്ക് തിരിച്ചടി, അമിത് മാളവ്യയ്ക്ക് എതിരെയുള്ള കേസ് റദ്ദാക്കി

ചെന്നൈ: പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് എതിരെയുള്ള കേസിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ പരാമർശം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് അമിത് മാളവ്യയ്ക്ക് എതിരെ നൽകിയ കേസാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.ഉദയനിധി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിപ്പിച്ചത്. ഉദയനിധിയുടെ പ്രസംഗത്തോട് പ്രതികരിക്കുക മാത്രമാണ് അമിത് മാളവ്യ ചെയ്‌തതെന്നും കോടതി നിരീക്ഷിച്ചു.ഇത്തരം പ്രതികരണങ്ങൾക്ക് എതിരെ നടപടി എടുക്കുന്നത് നിയമങ്ങളുടെ ദുരുപയോഗമാണ്. പരിഹരിക്കാനാവാത്ത രോഷവും വിദ്വേഷവും ജനങ്ങൾക്ക് ഇടയിൽ വരുത്തിവയ്ക്കുമെന്ന് ജസ്റ്റിസ് എസ് ശ്രീമതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം നടത്തിയ മന്ത്രിക്ക് എതിരെ കേസെടുക്കാതെ അതിനോട് പ്രതികരിച്ച വ്യക്തിക്ക് എതിരെ കേസെടുത്ത നടപടി വേദനാജനകമാണെന്നും കോടതി കൂട്ടിച്ചേർത്തു.
2023 ലാണ് വിവാദത്തിനിടയായ സംഭവം അരങ്ങേറുന്നത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'സനാതൻ അബോളിഷൻ കോൺഫറൻസ്' എന്ന സമ്മേളനത്തിലാണ് ഉദയനിധിയുടെ പ്രസംഗം. സനാതനമെന്നത് ഡങ്കുവിനെയും മലേറിയയേയും പോലെ സാംക്രമിക രോഗങ്ങൾക്ക് സമാനമാണെന്നും ഇത് തുടച്ചു നീക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പ്രസ്‌താവന. പകർച്ച വ്യാധി പോലെ പടരുന്ന സനാതന ധർമം സമൂഹത്തിലെ തുല്യത ഇല്ലാതാക്കുമെന്നും ഉദയനിധി പറഞ്ഞിരുന്നു.തുടർന്നാണ് അമിത് മാളവ്യ രംഗത്ത് എത്തുന്നത്. ഇന്ത്യയിലെ സനാതന ധർമ്മം ആചരിക്കുന്ന 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാനാണ് ഉദയനിധി ആഹ്വാനം ചെയ്‌തതെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. എന്നാൽ പ്രസംഗം വളച്ചൊടിച്ചെന്നായിരുന്നു ഡിഎംകെയുടെ മറുപടി. തുടർന്നാണ് മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അമിത് മാളവ്യയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)-അഡ്വക്കേറ്റ് വിങ്ങിൻ്റെ ട്രിച്ചി സൗത്തിലെ ജില്ലാ സംഘാടകനായ കെഎവി തിനകരൻ നൽകിയ പരാതിയിൽ മാളവ്യയ്‌ക്കെതിരെ ഐപിസി 153, 153എ, 505(1)(ബി) വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. ഈ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാളവ്യ കോടതിയെ സമീപിച്ചിരുന്നു.
ഹർജികൾ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
സനാതന ധർമത്തെക്കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മിതിച്ചിരുന്നു. ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമർശങ്ങളിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി നിരസിച്ചത്.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു വിഷയം എത്തിയത്. ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 ന് കീഴിൽ ഹർജികള്‍ എങ്ങനെ നിലനിൽക്കുമെന്നും ബെഞ്ച് ചോദിച്ചിരുന്നു.ഹർജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ, വിഷയം പരിഗണിക്കാൻ ബഞ്ചിന് താത്പര്യമില്ലെന്ന് മനസിലാക്കിയതോടെ, ലഭ്യമായ മറ്റ് നിയമ പരിഹാരങ്ങൾ തേടാനുള്ള സ്വാതന്ത്ര്യത്തോടെ ഹർജികൾ പിൻവലിക്കാൻ കോടതിയോട് അനുമതി തേടിയിരുന്നു.