ആരോഗ്യ മന്ത്രി ഐസിയുവിൽ : കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം  5 പേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.അറസ്റ്റിലായ  ഇവരെ റെയില്‍വേ പൊലീസിന് കൈമാറും. അതിക്രമം നടന്നത് റെയില്‍വേ സ്റ്റേഷനിൽ നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവർത്തകർ നിലവില്‍ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാല്‍ മന്ത്രിക്കു നേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യു വാദം. പ്രാഥമിക അന്വേഷണത്തില്‍ പ്രവർത്തകർ മന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയിട്ടില്ലയെന്നാണ് വ്യക്തമായതെന്നും മന്ത്രിയാണ് കെ. എസ്.യുകാർക്കു നേരെ ആക്രോശിച്ച്‌ ചെന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച്‌ നടപടി എടുക്കും. ആക്രമണം നടന്നിട്ടില്ല, നടന്നെങ്കില്‍ അത് തെറ്റാണെന്നും വിഡി സതീശൻ പ്രതികരിച്ചു.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമില്‍ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്ത‍ക‍ർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പൊലീസ് പിടിച്ചു മാറ്റി. യൂത്ത് കോണ്‍ഗ്രസുകാർ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപ്പ സമയം പ്ലാറ്റ്ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തില്‍ ഗുരുതര പരിക്കുണ്ടെന്നാണ്  നേതാക്കള്‍ അറിയിക്കുന്നത്. സംഭവത്തെത്തുടർന്ന്  സിപിഎം പ്രവർത്തകർ ജില്ലയുടെ വിവിധഭാഗങ്ങളിൽ  പ്രതിഷേധ പ്രകടനം നടത്തി.