മുംബൈയിൽ കനത്ത മഴ; റെഡ് അലർട്ട് തുടരുന്നു

മുംബൈ: നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ജൂലൈ 4 മുതൽ 6 വരെ നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് താനെ, പാൽഘർ, കല്യാൺ-ഡോംബിവ്ലി എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, മുംബൈ നഗരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ബാന്ദ്ര വെസ്റ്റ് (150.6 മി.മീ), പരേൽ (141.8 മി.മീ), വിഖ്രോളി (143 മി.മീ) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഉച്ചകഴിഞ്ഞ് 2:50-ഓടെ 4.26 മീറ്റർ ഉയരത്തിലുള്ള ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ലോക്കൽ ട്രെയിനുകൾക്ക് നേരിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അത്യാവശ്യഘട്ടങ്ങളിൽ സഹായത്തിനായി മുംബൈ പോലീസിന്റെ ഹെൽപ്പ്ലൈൻ നമ്പറുകളായ 100, 112, 103 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി