അധികാരത്തിൽവന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും : തരൂർ

തിരുവനന്തപുരം: കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ, മുഖ്യമന്ത്രിയെ സംബന്ധിച്ച ഊഹാപോഹങ്ങൾ പൂർണ്ണമായും തള്ളുകയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ഇതുസംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നുമില്ലെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാരുമായി ചർച്ച ചെയ്ത് ഹൈക്കമാൻഡായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് തരൂർ പറഞ്ഞു. ഇപ്പോൾ ഇത്തരമൊരു ചർച്ചയ്ക്ക് പ്രസക്തിയില്ല, മികച്ച വിജയമാണ് ലക്ഷ്യം. കേരളത്തിൽ യു.ഡി.എഫിന് മികച്ച വിജയസാധ്യതയാണ് കാണുന്നത്.എല്ലായിടത്തും ജനങ്ങളിൽ നിന്ന് വലിയ ആവേശമാണ് ഉണ്ടാകുന്നത്. ഇന്ന് അരുവിക്കരയിൽ മൂന്ന്-നാല് മണിക്കൂർ ചെലവഴിച്ചപ്പോൾ കണ്ട ജനപിന്തുണ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. യു.ഡി.എഫ്. തരംഗം ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫിന് എത്ര സീറ്റ് ലഭിക്കുമെന്ന് നേതാക്കൾ പറഞ്ഞുകഴിഞ്ഞു. തന്‍റെ അഭിപ്രായത്തിൽ 85-നും 100-നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷയെന്നും തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.