ശബരിമല സ്വര്‍ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി

ശബരിമല സ്വര്‍ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി

എറണാകുളം: ശബരിമല ക്ഷേത്രത്തിൽ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ശാസ്ത്രീയ പരിശോധനകൾ നടത്താൻ കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകി. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ചാണ് നവംബർ 17-ന് പരിശോധനകൾ നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് അനുവാദം  നൽകിയത്.2019-ൽ റിപ്പോർട്ട് ചെയ്ത സ്വർണനഷ്ടത്തിന്‍റെ വ്യാപ്തി നിർണയിക്കുന്നതിനായി ദ്വാരപാലകവിഗ്രഹങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം ഈ മാസം ആദ്യം കോടതിയെ സമീപിച്ചിരുന്നു.ഇതിനെത്തുടർന്ന്, ദ്വാരപാലക വിഗ്രഹങ്ങളുടെയും വശങ്ങളിലെ തൂണുകളിലെയും പ്ലേറ്റുകളുടെ ഭാരം അളക്കാനും സ്വർണത്തിന്‍റെ പരിശുദ്ധിയും ഗുണനിലവാരവും വിലയിരുത്തുന്നതിനായി സ്വർണ പാളികളുടെ സാമ്പിളുകൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു.

കൂടാതെ, പ്ലേറ്റുകളുടെ ഉപരിതല വിസ്തീർണ്ണം അളക്കാനും ദ്വാരപാലക പ്ലേറ്റുകളിൽ നിന്നും വാതിൽ കട്ടിളകളിൽ നിന്നും ചെമ്പിന്‍റെ സാമ്പിളുകൾ ശേഖരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി.ഈ സാമ്പിളുകൾ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി, സ്പെക്ട്രോസ്കോപ്പിക്, മൈക്രോസ്ട്രക്ചർ പരിശോധനകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തുടക്കത്തിൽ, നവംബർ 15-ന് മുൻപ് പരിശോധനകൾ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, തന്ത്രിയുടെ അഭിപ്രായം അന്വേഷണ സംഘം തേടിയപ്പോൾ, ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിന് സമീപം ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിന് മുൻപ് ദേവാനുജ്ഞ തേടേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതിനെത്തുടർന്നാണ് പരിശോധനകൾ നവംബർ 17-ലേക്ക് മാറ്റാൻ തീരുമാനിച്ചത്. നവംബർ 17-ന് ദേവാനുജ്ഞ ലഭിച്ച ശേഷം ഉച്ച പൂജയ്ക്കും നട അടച്ചതിനും ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പരിശോധന നടത്താനാണ് ഇപ്പോൾ തീരുമാനം.