സ്വർണകൊള്ള : "പ്രതികൾക്കെല്ലാം കവർച്ചയിൽ നിർണ്ണായക പങ്കുണ്ട് ":ജാമ്യം നിഷേധിച്ച്‌ കോടതി

സ്വർണകൊള്ള : "പ്രതികൾക്കെല്ലാം കവർച്ചയിൽ നിർണ്ണായക പങ്കുണ്ട് ":ജാമ്യം നിഷേധിച്ച്‌ കോടതി

  എറണാകുളം: ശബരിമല സ്വർണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് കനത്ത തിരിച്ചടി. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറുദീൻ്റെ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.പ്രതികൾക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വാദത്തിനിടെ പ്രതികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് കോടതി നടത്തിയത്. ബുദ്ധിപൂർവം കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തിലാണ് പത്മകുമാർ മിനിട്ട്സിൽ തിരുത്തൽ വരുത്തിയതെന്ന് കുറ്റപ്പെടുത്തിയ കോടതി പത്മകുമാറിന് ഉത്തരവാദിത്തമുണ്ടെന്നും ജാമ്യാപേക്ഷകളിൽ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക ശില്‍പത്തിലെയും കട്ടിളയിലെയും സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വേണ്ടി പത്മകുമാർ രേഖകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാനാണ് മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പ്രകാരം പ്രതികൾ ഓരോരുത്തർക്കും കവർച്ചയിൽ നിർണായക പങ്കുണ്ട്. സ്വർണക്കവർച്ച നടന്ന കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു മഹസറിൽ സ്വർണപ്പാളികൾക്ക് പകരം 'ചെമ്പ്' എന്നാണ് രേഖപ്പെടുത്തിയത്. ഇത് കവർച്ച മറച്ചുവെക്കാനാണെന്ന് എസ്‌ഐടി കണ്ടെത്തി.കവർച്ചയ്ക്ക് ശേഷം മിച്ചം വന്ന സ്വർണം കൈവശം വെച്ചത് ഗോവർധനാണെന്നാണ് കണ്ടെത്തൽ. എന്നാൽ, താൻ ഒരു അയ്യപ്പഭക്തനാണെന്നും യുബി ഗ്രൂപ്പ് നിർമിച്ച വാതിൽപ്പാളിയിലെ വിടവ് പരിഹരിക്കാനാണ് സ്വർണം പൂശിയതെന്നുമാണ് ഇദ്ദേഹത്തിൻ്റെ വാദം. ശബരിമലയ്ക്കായി താൻ 1.4 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഗോവർധന്‍ കോടതിയിൽ വാദിച്ചു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിലെ ദ്വാരപാലക ശില്‍പ കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ 90 ദിവസത്തിനുള്ളിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിക്കുന്നത്. അതേസമയം കട്ടിളപാളി കേസില്‍ റിമാന്‍ഡിലായതിനാല്‍ പോറ്റി ജയിലില്‍തന്നെ തുടരേണ്ടി വരും. കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള 90 ദിവസമാകാന്‍ മൂന്നാഴ്ച കൂടി സമയമുണ്ട്.കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയുന്തോറും പുതിയ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണസംഘം വളരെ വിപുലമായാണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ കുറ്റപത്രം വളരെ വിപുലമായ രീതിയില്‍ സമര്‍പ്പിക്കാനാണ് പ്രത്യക അന്വേഷണ സംഘം ഉദ്ദേശിക്കുന്നതെന്നാണ് ലഭ്യമായ വിവരം. അതുകൊണ്ടാണ് കേസില്‍ 90 ദിവസമായിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്.