പോക്‌സോ കേസ് സ്‌റ്റേ ചെയ്യണമെന്ന ആർ ശ്രീലേഖയുടെ ആവശ്യം ഹൈക്കോടതി തള്ളി

പോക്‌സോ കേസ് സ്‌റ്റേ ചെയ്യണമെന്ന ആർ ശ്രീലേഖയുടെ ആവശ്യം  ഹൈക്കോടതി തള്ളി

എറണാകുളം: തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആവശ്യം ഹൈക്കോടതി തള്ളി. എഫ്.ഐ.ആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്  ആർ. ശ്രീലേഖ ഹൈക്കോടതിയിൽ ഹർജി നൽകിയത്.സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ഹർജിക്കാരി പോക്സോ നിയമങ്ങളെക്കുറിച്ച് അവഗാഹമുള്ള വ്യക്തിയാണന്നും നിയമവിരുദ്ധ പ്രവൃത്തി ഗുരുതരമായി കണക്കിലെക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ സി. സീന കോടതിയെ ബോധിപ്പിച്ചു.

അതേസമയം, തനിക്കെതിരായ എഫ്.ഐ.ആർ നിലനിൽക്കുന്നതല്ലെന്നും തനിക്ക് നോട്ടീസ് നൽകാതെ ഏകപക്ഷീയമായാണ് മജിസ്ട്രേറ്റ് കോടതി മ്യൂസിയം പൊലീസിന് സ്വകാര്യ അന്യായത്തിന്മേൽ നടപടി സ്വീകരിക്കാനാവശ്യപ്പെട്ടതെന്നും ഹർജിയിൽ ആർ ശ്രീലേഖ വാദമുന്നയിച്ചു. പോക്സോ കേസ് നിലനിൽക്കില്ലെന്ന് ശ്രീലേഖ കോടതിയെ അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി.കിളിരൂർ-കവിയൂർ ഉൾപ്പെടെയുള്ള അതിജീവിതമാരുടെ പേരും വിശദാംശങ്ങളും യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. കിളിരൂർ കേസിൽ മരിച്ച പെൺകുട്ടി പ്രായപൂർത്തിയായ ആളാണെന്നും, പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള സംഭവമായതിനാൽ ഇത് നിയമവിരുദ്ധമല്ലെന്നും ശ്രീലേഖ പറയുന്നു..